ലഹരിക്കെതിരെ യോദ്ധാവായി ‘പ്രിൻസ്’ എത്തി; കൊയിലാണ്ടിയിൽ ലഹരി വിൽപ്പന കണ്ടെത്താൻ ശക്തമായ പരിശോധന
കൊയിലാണ്ടി: ബസ് സ്റ്റാൻസ്, പരിസരങ്ങളിലെല്ലാം പ്രിൻസ് നായ മണം പിടിച്ചു പരിശോധിച്ചു, ലഹരി വിൽപ്പന പിടികൂടാനായി. കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തിൽ പ്രിൻസ് പോലീസ് നായയുടെ സഹായത്തോടെയാണ് കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്. കേരള പോലീസിന്റെ ലഹരി ഉപഭോഗത്തിനെതിരെയുള്ള യോദ്ധാവ് പദ്ധതി പ്രകാരം ആയിരുന്നു പരിശോധന.
ബസ്സ് സ്റ്റാന്റ്, റെയിൽവെ സ്റ്റേഷൻ, ലിങ്ക് റോഡ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കൊയിലാണ്ടി എസ്.ഐ എം.എൽ അനൂപിന്റെ നേതൃത്വത്തിൽ എ.എസ്.ഐ സി.കെ വിനോദൻ, ഡോഗ് സ്കാഡിലെ ടി.ടി. പ്രതീഷ്, മനോജ്, എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും വില്പനയും തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് യോദ്ധാവ്. പ്രധാനമായും വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കു മരുന്നിന്റെ ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.