ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍; ജൂണ്‍ ഒന്നുമുതല്‍ നിലവില്‍ വരും, മാറ്റങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങളില്‍ ചില സുപ്രധാന മാറ്റങ്ങള്‍ റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചു. 2024 ജൂണ്‍ ഒന്ന് മുതല്‍ ഈ മാറ്റങ്ങള്‍ നിലവില്‍ വരും. ലൈസന്‍സ് ലഭിക്കുകയെന്നത് ലളിതമാക്കാനും കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമങ്ങള്‍.
മാറ്റങ്ങള്‍ ഇവയാണ്:
റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ (ആര്‍.ടി.ഒ) നിര്‍ബന്ധിത ഡ്രൈവിങ് ടെസ്റ്റിന് പകരമായി അപേക്ഷകര്‍ക്ക് ഇപ്പോള്‍ അംഗീകൃത സ്വകാര്യ ഡ്രൈവിങ് സ്‌കൂളുകളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും.
അംഗീകൃത സ്ഥാപനങ്ങളില്‍ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഒരു സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതുപയോഗിച്ച് ലൈസന്‍സിന് അപേക്ഷിക്കാം. തെരഞ്ഞെടുത്ത സ്വകാര്യ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ പിന്നീട് ഡ്രൈവിങ് ടെസ്റ്റിന് എത്തേണ്ടതില്ല. അംഗീകൃത സ്‌കൂളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ ആര്‍.ടി ഓഫിസില്‍ തന്നെ ടെസ്റ്റ് നടത്തണം.
ലൈസന്‍സിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം വലിയ മാറ്റമില്ലാതെ തുടരും. പൂര്‍ണമായും ഡിജിറ്റലാക്കുന്നതോടൊപ്പം വേഗത്തില്‍ സമര്‍പ്പിക്കാവുന്ന രീതിയിലേക്കും മാറും. വിവിധ ലൈസന്‍സുകള്‍ക്കുള്ള ഫീസ് ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. sarathi.parivahan.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് ലൈസന്‍സിന് അപേക്ഷിക്കേണ്ടത്.