കോഴിക്കോട്-ബാലുശ്ശേരി റൂട്ടില്‍ സ്വകാര്യ ബസുകള്‍ ജൂണ്‍ 3 മുതല്‍ സര്‍വീസ് നിര്‍ത്തുമെന്ന് സ്വകാര്യ ബസ് ഓണേഴ്‌സ് അസോസിയേഷന്‍


ബാലുശ്ശേരി: ബാലുശ്ശേരി-കോഴിക്കോട് റൂട്ടില്‍ ജൂണ്‍ മൂന്നു മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ബാലുശ്ശേരി ഏരിയ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വേങ്ങേരി ജങ്ഷനില്‍ നിര്‍മ്മിക്കുന്ന അണ്ടര്‍പാസിന്റെ പണി ഇഴഞ്ഞുനീങ്ങുന്നതും ജപ്പാന്‍ കുടിവെള്ള പദ്ധതിക്കുവേണ്ടിയുള്ള പൈപ്പിടലിന്റെ പേരില്‍ റോഡ് ബ്ലോക്ക് ചെയ്തതുമെല്ലാം കാരണം ദിവസവും വലിയ തോതില്‍ നഷ്ടം സംഭവിക്കുന്നതിനാലാണ് ബസുടകമള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.

കോഴിക്കോട് പ്രൈവറ്റ് ബസ്സ് സ്റ്റാന്റിലേക്കുള്ള പോക്കുവരവ് മാളിക്കടവ് വഴി തിരിച്ചുവിട്ടതിനാല്‍ ഓരോ ട്രിപ്പിലും എട്ടു കിലോമീറ്ററോളമധികം ഓടേണ്ടി വരുന്നു. ഇതിനായി നല്ലൊരു തുക പെട്രോള്‍ ചെലവായി വരുന്നുണ്ടെന്നും ഈ റൂട്ടില്‍ ബസ് തൊഴിലാളികള്‍ തൊഴിലെടുക്കാന്‍ വിസമ്മതിക്കുകയാണെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഒരു ദിവസം ബാലുശ്ശേരി, നരിക്കുനി, കുന്ദമംഗലം, കക്കോടി, ചേളന്നൂര്‍, പട്ടര്‍പാലം തുടങ്ങിയ റൂട്ടുകളില്‍ സര്‍വിസ് നടത്തുന്ന 168 ഓളം ബസുകള്‍ 1200 ഓളം ട്രിപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മാളിക്കടവ് വഴിയുള്ള ഇടുങ്ങിയ റൂട്ടില്‍ അപകടങ്ങള്‍ നിത്യസംഭവമാണെന്നും വാഹനങ്ങളുടെ തള്ളിച്ച കാരണം ബസുകള്‍ക്ക് കൃത്യസമയം പാലിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

ബസ് സര്‍വിസ് നിര്‍ത്തിവക്കുന്നത് സംബന്ധിച്ച് 15 ദിവസം മുമ്പ് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്കിയിട്ടും ഒരു നടപടിയും കൈക്കൊള്ളാത്ത സാഹചര്യത്തിലാണ് ജൂണ്‍ 3 മുതല്‍ അനിശ്ചിതകാലത്തേക്ക് ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്നും പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ടി.വി.ബാബു, ബാലുശ്ശേരി ഏരിയ ജോയിന്റ് സെക്രട്ടറി സന്ദീപ് കൃഷ്ണ, ട്രഷറര്‍ എ.പി.സുരേഷ് എന്നിവര്‍ അറിയിച്ചു.