ആ തണലും ഓര്‍മ്മയാകുന്നു; നൂറുകണക്കിനാളുകള്‍ക്ക് തണലൊരുക്കിയിരുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുന്നിലെ പേരാല്‍മരം മുറിച്ചുമാറ്റി


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ മുന്‍ഭാഗത്ത് നൂറുകണക്കിന് ആളുകള്‍ക്ക് തണലേകിയിരുന്ന ആല്മരം വെട്ടിത്തുടങ്ങി. കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയില്‍ ആല്‍മരത്തിന്റെ കൊമ്പ് പൊട്ടി റോഡിലേക്ക് വീഴുകയും വൈദ്യുതി വിതരണമടക്കം തടസപ്പെടുകയും ചെയ്ത സ്ഥിതിയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മരം മുറിച്ചുമാറ്റുന്നത്.

മഴ തുടങ്ങുന്നതിന് മുന്നോടിയായി നഗരസഭയില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ താലൂക്ക് ആശുപത്രിയ്ക്ക് മുന്നിലെ ആല്‍മരം അപകടകരമായ അവസ്ഥയിലാണെന്നും മുറിച്ചുമാറ്റണമെന്നും തീരുമാനിച്ചിരുന്നു. മരത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി നേരത്തെ ആശുപത്രി അധികൃതര്‍ക്കും പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തില് മരം മുറിച്ചുമാറ്റാന്‍ തീരുമാനിച്ചത്.

ദുരന്തനിവാരണ അതോറ്റിയുടെ യോഗം നടന്നതിന് പിന്നാലെയാണ് ശക്തമായ കാറ്റില്‍ പേരാലിന്റെ ഒരു കൊമ്പ് ദേശീയപാതയിലേക്ക് മുറിഞ്ഞുവീണത്. ഇതോടെ എത്രയും പെട്ടെന്ന് അവശേഷിക്കുന്ന ഭാഗം മുറിച്ചുമാറ്റാന്‍ നഗരസഭ നടപടിയെടുക്കുകയായിരുന്നു.

താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് തണലൊരുക്കിയിരുന്ന മരമാണ് ഓര്‍മ്മയാകുന്നത്. ആശുപത്രിയ്ക്ക് മുന്നിലെ പ്രധാന തണലുകളിലൊന്നായിരുന്നു ഈ മരവും പരിസരവും. കൊടുംവേനലില്‍ ഇതിന്റെ ചുവട്ടിലെ വിശ്രമം ആശുപത്രിയിലെത്തുന്ന സാധാരണക്കാരായ രോഗികള്‍ക്ക് ആശ്വാസമായിരുന്നു.

കൊയിലാണ്ടിയുടെ അടയാളമായിരുന്ന, പഴയ ബസ്റ്റാന്റിന് സമീപത്തുള്ള ആല്‍മരം ഒരു മഴയില്‍ കടപുഴകി വീണ് നശിക്കുകയായിരുന്നു. ഇപ്പോള്‍ താലൂക്ക് ആശുപത്രിയ്ക്ക് മുന്നിലുള്ള ആല്‍മരവും ഓര്‍മ്മയാകുകയാണ്.