ഉഷ്ണതരം​ഗം വകവെക്കാതെ പരിശീലനം: വടകര സ്വദേശിയായ എ.എസ്.ഐ ഡൽഹിയിൽ കുഴഞ്ഞുവീണ് മരിച്ചു


ന്യൂഡൽഹി: അത്യുഷ്ണത്തിലെ പരിശീലനത്തെത്തുടർന്ന് മലയാളി പോലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. വടകര സ്വദേശിയും ഡൽഹി പോലീസിലെ എഎസ്ഐയുമായ ബിനീഷ് ആണ് മരിച്ചത്. അമ്പത് വയസായിരുന്നു.

ഡൽഹി വസീറാബാദിലെ പോലീസ് ട്രെയിനിം​ഗ് സെന്ററിൽ പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ബാലാജി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മ‍ൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

രണ്ട് ദിവസമായി വസീറാബാദിലെ പോലീസ് ട്രെയിനിം​ഗ് സെന്ററിൽ പരിശീലനം നടക്കുന്നു. ആദ്യ ദിവസം മുതൽ പോലീസുകാർ കുഴഞ്ഞുവീണിരുന്നു. ഇന്നും രണ്ട് പേർ കുഴഞ്ഞുവീണിരുന്നു. അതിനിടയിലാണ് വടകര സ്വദേശിയുടെ മരണം. ഉഷ്ണതരം​ഗം വകവെക്കാതെ ട്രെയിനിം​ഗ് നടത്തിയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം.

49.5 ഡി​ഗ്രി ആയിരുന്നു ഇന്നലെ ഡൽഹിയിലെ താപനില. ഉഷ്ണതരം​ഗ സാധ്യത നിലനിൽക്കുന്നതിനാൽ ജാ​ഗ്രതാ നിർദേശങ്ങൾ അടക്കം സർക്കാർ പുറപ്പെടിച്ചിരുന്നു. ഇതിനിടയിലാണ് പോലീസുകാർക്ക് പരിശീലനം നടത്തിയത്.