തക്കാളി ഉണ്ടോ കയ്യില്‍ എങ്കില്‍ ഇനി ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ; മുഖകാന്തിക്കൂട്ടാന്‍ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍, പരിചയപ്പെടാം


മുഖസൗന്ദര്യം നിലനിര്‍ത്താന്‍ പലതും പരീക്ഷിച്ചു നോക്കിയിട്ടും നിങ്ങള്‍ പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെ. മുഖത്തിന്റെ തിളക്കം കൂട്ടാന്‍ ബ്യൂട്ടിപാര്‍ലറുകളില്‍ ഓടി നടന്ന് കെമിക്കല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ ഇനി തക്കാളി കൊണ്ടുള്ള ചില പൊടിക്കൈകള്‍ നോക്കാം.

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും തക്കാളി മികച്ചതാണെന്ന കാര്യം പലര്‍ക്കും അറിയില്ല. പല തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍.

തക്കാളിയില്‍ വിറ്റാമിന്‍ സി, ലൈക്കോപീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ചര്‍മ്മത്തെ ആരോഗ്യകരവും ചെറുപ്പവും നിലനിര്‍ത്തുന്നു.

ചര്‍മ്മ സംരക്ഷണത്തിന് തക്കാളി കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

തക്കാളി നീരും വെള്ളരിക്ക നീരും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടാം. മുഖത്തെ എണ്ണമയം മാറാന്‍ സഹായിക്കും.

രണ്ട് ടീസ്പൂണ്‍ കടലമാവും ഒരു സ്പൂണ്‍ തക്കാളി നീരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം മുഖത്ത് പുരട്ടി 15 മിനിട്ടിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

തക്കാളിയും അല്‍പം പാലും മിക്‌സിയിലിട്ട് അരയ്ക്കുക. ഇതിലേയ്ക്ക് കുറച്ച് ഓട്‌സ് കൂടി പൊടിച്ചു ചേര്‍ക്കാം. ശേഷം നന്നായി മിക്‌സ് ചെയ്യുക. ഈ പാക്ക് മുഖത്തിട്ട് അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.

തക്കാളി നീരും കാപ്പി പൊടിയും നാരാങ്ങ നീരും ചേര്‍ത്ത് മുഖത്തിടുക. ഇത് മുഖക്കുരുവിന്റെ പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കും.

തക്കാളി നീരില്‍ ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. നല്ല പോലെ മിക്സ് ചെയ്ത ശേഷം മുഖത്തിടുക. 20 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. വരണ്ട ചര്‍മ്മം മൃദുവാകാന്‍ സഹായിക്കും.

തക്കാളി നീരിലേയ്ക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം കഴുകി കളയാം. ഈ പാക്ക് മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും.