നിടുമ്പൊയിലില്‍ ദമ്പതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത്; വിഷത്തിനൊപ്പം ഉറക്കഗുളികയും കഴിച്ചു, ബാലന്റെ സംസ്‌കാരം നാളെ
അരിക്കുളം: നിടുമ്പൊയിലില്‍ ദമ്പതിമാര്‍ വിഷം കഴിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത് കഴിച്ചാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച ശേഷം ഉറക്കഗുളികളും ഇരുവരും കഴിച്ചിരുന്നു.
പാറയ്ക്കല്‍ മീത്തല്‍ ബാലനും ഭാര്യ ഗീതയുമാണ് വിഷം കഴിച്ചത്. ഞായറാഴ്ച രാത്രിയാണ് ഇവര്‍ വിഷം കഴിച്ചത് എന്നാണ് കരുതുന്നത്. വിഷം കഴിച്ചതിന് ശേഷം ഉറക്കഗുളിക കഴിച്ചതിനെ തുടര്‍ന്ന് ഇരുവരും ഉറങ്ങിപ്പോയി. ഉറക്കത്തിനിടെ ഇരുവരും ഛര്‍ദ്ദിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ബോധം വന്ന ഗീതയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ബാലന്‍ ബോധരഹിതനായിരുന്നു. കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാണ് ഇരുവരെയും കൊണ്ടുപോയത്.
വൈകീട്ട് മൂന്ന് മണിയോടെ ബാലന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗീതയുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
Related News: അരിക്കുളം നെടുമ്പൊയിലില്‍ ദമ്പതിമാര്‍ വിഷം കഴിച്ചു; ഒരാള്‍ മരിച്ചു
അതേസമയം ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്തിനാണ് എന്ന കാര്യത്തില്‍ ഇനിയും വ്യക്തമല്ല. ജീവിതം മടുത്തു എന്ന് മാത്രമാണ് ഗീത പറഞ്ഞത്. ബാലന്റെയും ഗീതയുടെയും ഒരു മകന്‍ നേരത്തേ മരണപ്പെട്ടിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങള്‍ ഉണ്ടായിരുന്ന ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.
രഞ്ജിത്ത്, പരേതനായ ഷിന്‍ജിത്ത് എന്നിവരാണ് ബാലന്റെയും ഗീതയുടെയും മക്കള്‍. രഞ്ജിത്ത് എറണാകുളത്താണ് താമസം. ബാലന്റെ മൃതദേഹം ചൊവ്വാഴ്ച പോസറ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തുടര്‍ന്ന് സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. സഹായത്തിനായുള്ള ടോൾ ഫ്രീ നമ്പർ: 1056