എലത്തൂരില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയില്‍ നിന്നും അതിജീവിതയ്ക്കും രക്ഷിതാക്കള്‍ക്കും ഭീഷണി; സുരക്ഷ ഉറപ്പാക്കാന്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍


എലത്തൂര്‍: എലത്തൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ അതിജീവിതയുടെ സുരക്ഷ ഉറപ്പാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍. കേസിലെ പ്രതിയായ ജനാര്‍ദ്ദനന്‍ ജാമ്യത്തില്‍ ഇറങ്ങിയ സാഹചര്യത്തിലാണ് അതിജീവിതയുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതിജീവിതയ്ക്കും രക്ഷിതാക്കള്‍ക്കും ഭീഷണിയുള്ള സാഹചര്യത്തില്‍ കുടുംബത്തിന് സ്വസ്ഥമായും നിര്‍ഭയമായും ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശം. ഇക്കാര്യം നിരീക്ഷണമെന്നും കമ്മിഷന്‍ കോഴിക്കോട് സിറ്റി ടൗണ്‍ പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കോഴിക്കോട് ചെറുകുളം സ്വദേശിനി സമര്‍പ്പിച്ച പരാതിയിലാണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥിന്റെ ഉത്തരവ്. ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

അതിജീവിത അവരുടെ ബന്ധുവീട്ടിലാണ് താമസിക്കുന്നത്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എലത്തൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ നേരിട്ട് ബന്ധപ്പെടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിയുടെ സാന്നിദ്ധ്യം തന്നെ പരാതിക്കാരിക്കും കുടുംബത്തിനും മാനസിക സംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്.

പ്രതിയുടെ ശല്യം കാരണം അതിജീവിതയുടെ അമ്മയ്ക്ക് ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. ഇക്കാരണത്താല്‍ ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ജില്ലാ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയുടെ ജാമ്യം റദ്ദാക്കിയിട്ടില്ലെങ്കില്‍ നിരീക്ഷിക്കാനാണ് ഉത്തരവ്.