ചെങ്ങോട്ട്കാവ് റെയിൽപാളത്തിലെ കുഴി ആദ്യം കണ്ടത് ട്രാക്കിലൂടെ നടന്നു പോയവർ, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത് മണിക്കൂറുകളോളം
കൊയിലാണ്ടി: ചെങ്ങോട്ട് കാവ് മേൽപ്പാലത്തിന് സമീപം റെയിൽ പാലത്തിൽ ഉണ്ടായ കുഴി ട്രാക്കിലൂടെ നടന്നുപോയ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ അപകടങ്ങൾ ഒഴിവായി. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. പാലത്തിലെ മെറ്റലുകൾ ഇളകിയാണ് കുഴി രൂപപ്പെട്ടത്. തുടർന്ന് ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിട്ടു.
ട്രാക്കിലൂടെ നടന്നുപോയവരാണ് ഇത്തരമൊരു കുഴി കണ്ടത്. ഉടനെ തന്നെ ഇവർ സിവിൽ ഡിഫൻസ് വളണ്ടിയർമാരെ അറിയിക്കുകയായിരുന്നു. വളണ്ടിയർമാർ വിവരം കൊയിലാണ്ടി ഫയർ ഫോഴ്സിനെ അറിയിക്കുകയും ഫയർ ഫോഴ്സ് വിവരം റെയിൽവെയെ അറിയിക്കുകയുമായിരുന്നു. റെയിൽവെ ഉദ്യോഗസ്ഥരും അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തി. ഗർത്തത്തിലേക്ക് മെറ്റൽ കൊരിയിട്ട് തടസ്സം പരിഹരിച്ച ശേഷം ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
മുള്ളൻപന്നി കുഴിച്ചാതാകുമോ എന്നായിരുന്നു ആദ്യത്തെ സംശയം. തൊട്ടടുത്ത് ബൈപ്പാസ് നിർമ്മാണവുമായുള്ള ഓവർ പാസിൻ്റെ പൈലിംങ് നടക്കുന്നതിനാൽ മഴ വന്നതോടെ വെള്ളമിറങ്ങി പാളത്തിൽ ഗർത്തം രൂപപ്പെട്ടതാണോയെന്നും സംശയിക്കുന്നു. ഗർത്തം ശ്രദ്ധയിൽപെട്ട ആളുകളുടെ സമയോചിതമായ ഇടപെടലിലൂടെ അപകടങ്ങൾ ഒഴിവായി.
ഇതിനെത്തുടർന്ന് റൈൽഗതാഗതം തടസ്സപ്പെട്ടിരുന്നു. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസും മറ്റൊരു വണ്ടിയും സംഭവം കാരണം വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. പാളത്തിലെ പണി പൂർത്തിയായ ശേഷമാണു രണ്ടു ട്രെയിനുകളും യാത്രയായത്. ട്രാക്കിലെ തകരാറ് പൂർണ്ണമായി പരിഹരിച്ചതായി റെയിൽവേ വൃത്തങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തകരാറ് പരിഹരിച്ച ശേഷം ട്രെയിനുകൾ ഇതുവഴി കടന്ന് പോയി.