മഴ ഇല്ല, ശാന്തമായ അന്തരീക്ഷം, പെട്ടന്ന് കുത്തിയൊലിച്ചെത്തി മലവെള്ളപ്പാച്ചിൽ, പ്രാണൻ കയ്യിൽ പിടിച്ചോടി വിനോദസഞ്ചാരികൾ; ആളുകളെ ഭീതിയിലാഴ്ത്തിയ നിമിഷങ്ങളുമായി തുഷാരഗിരി
തുഷാരഗിരി: അവധി ദിനം ആഘോഷമാക്കാൻ എത്തിയ വിനോദ സഞ്ചാരികൾക്ക് അപ്രതീക്ഷിതമായൊരു ഷോക്ക് നൽകി തുഷാരഗിരി. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തുഷാരഗിരിയിൽ ബുധനാഴ്ചയുണ്ടായ മലവെള്ളപ്പാച്ചിലാണ് സഞ്ചാരികളിൽ നടുക്കമുണ്ടാക്കിയത്. ഓടി രക്ഷപെട്ടത് കൊണ്ട് ജീവൻ നഷ്ട്ടമായില്ല.
ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. അവധി ദിനമായിരുന്നതിനാൽ സഞ്ചാരികളുടെ വൻ തിരക്കായിരുന്നു. ഒന്നാം വെള്ളച്ചാട്ടത്തിനു താഴെ തന്നെ ഇരുനൂറോളം പേരുണ്ടായിരുന്നു. മഴയില്ലായിരുന്നതിനാൽ നിരവധി പേർ ഇവിടെയുള്ള തടാകത്തിൽ കുളിക്കുന്നുമുണ്ടായിരുന്നു.
ആ സമയത്തു പെട്ടന്ന് ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയായിരുന്നു. തുഷാരഗിരി വനമേഖലയിൽ പെയ്ത കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമായത് എന്നാണ് നിഗമനം. ഉടനെത്തന്നെ ആളുകൾ ഓടി സ്ഥലത്തു നിന്ന് മാറിയതുകൊണ്ട് അപകടം സംഭവിച്ചില്ല.
സ്ഥലത്തുണ്ടായിരുന്ന വനം വകുപ്പിന്റെ ഇക്കോ ടൂറിസം ഗൈഡുകളും ഉടനെ തന്നെ ഓടി എത്തി ആളുകൾ സ്ഥലത്തു നിന്ന് സ്ഥലത്തു നിന്ന് മാറ്റാൻ സഹായിച്ചു.