ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പില്‍ ആവേശകരമായ വോട്ടെടുപ്പ്; രേഖപ്പെടുത്തിയത് 85 ശതമാനം പോളിങ്
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകീട്ട് ആറ് മണിയോടെ അവസാനിച്ച വോട്ടെടുപ്പില്‍ 85 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1405 വോട്ടുകളാണ് പോള്‍ ചെയ്തത്. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ രേഖപ്പെടുത്തിയെന്നാണ് കണക്ക്.
ചേലിയ യു.പി സ്കൂളില്‍ ഒരുക്കിയ രണ്ട് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടത്തിയത്. വോട്ടിങ് ആരംഭിച്ച രാവിലെ മുതല്‍ വലിയ തിരക്കാണ് ബൂത്തുകളില്‍ അനുഭവപ്പെട്ടത്. ആകെ 1650 വോട്ടര്‍മാരാണ് ഏഴാം വാര്‍ഡില്‍ ഉള്ളത്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസില്‍ നിന്നുള്ള അബ്ദുള്‍ ഷുക്കൂറും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.പി.എമ്മിന്റെ അഡ്വ. പി.പ്രശാന്തുമാണ് മത്സരരംഗത്തുള്ളത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പിയില്‍ നിന്നുള്ള പ്രിയ ഒരുവമ്മലും മത്സരിക്കുന്നുണ്ട്.
യു.ഡി.എഫിന്റെ കൈവശമുള്ള വാര്‍ഡാണ് ചേലിയ ടൗണ്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ 72 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വാര്‍ഡില്‍ വിജയിച്ചത്. കോണ്‍ഗ്രസിന് 570 വോട്ടും ബി.ജെ.പിക്ക് 498 വോട്ടുമാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തായിരുന്ന സി.പി.എമ്മിന് 300 വോട്ടുകളാണ് ലഭിച്ചത്.
വാര്‍ഡ് അംഗമായ കെ.ടി.മജീദിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ജനുവരി 28 നായിരുന്നു മജീദിന്റെ അന്ത്യം.
മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസത്തോടെയാണ് മൂന്ന് മുന്നണികളും തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇക്കാര്യം സ്ഥാനാര്‍ത്ഥികള്‍ നേരത്തേ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് വ്യക്തമാക്കിയിരുന്നു. നാളെയാണ് വോട്ടെണ്ണല്‍.