”ചേലിയ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്, എല്‍.ഡി.എഫ് ജയിക്കാനുള്ള സാധ്യതയാണുള്ളത്” രണ്ടാംഘട്ട വീടുകയറി പ്രചരണത്തിരക്കിനിടയില്‍ പ്രതീക്ഷകള്‍ പങ്കുവെച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.പി.പ്രശാന്ത്


ചെങ്ങോട്ടുകാവ്: ചേലിയ ടൗണ്‍ വാര്‍ഡ് ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അത് എല്‍.ഡി.എഫിന്റെ വിജയ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുവെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.പ്രശാന്ത്. യു.ഡി.എഫിന്റെ കുത്തകമണ്ഡലമായ ചേലിയയില്‍ ഒരു തവണമാത്രമാണ് ബി.ജെ.പി ജയിച്ചത്. നിലവില്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്താണെങ്കിലും വാര്‍ഡിലെ വികസന മുരടിപ്പ് ജനങ്ങളെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് മനസിലായതെന്നും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ആദ്യഘട്ട വീടുകയറി പ്രചരണം പൂര്‍ത്തിയാക്കി രണ്ടാം ഘട്ടത്തിന്റെ തിരക്കിലാണ്. ഇതുവരെയുള്ള പ്രചരണ അനുഭവങ്ങളില്‍ എല്‍.ഡി.എഫ് ഒന്നാം സ്ഥാനത്തേക്ക് വരാനുള്ള സാധ്യത വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് പ്രവര്‍ത്തകരും പ്രചരണത്തിന്റെ ആവേശത്തിലാണ്. വാര്‍ഡില്‍ പ്രവര്‍ത്തകരുടെ പ്രചരണം രണ്ടാം റൗണ്ട് പൂര്‍ത്തിയായി.

വാര്‍ഡിലെ റോഡുകള്‍ മിക്കതും തകര്‍ന്ന അവസ്ഥയിലാണ്. പലയിടങ്ങളിലും വെള്ളക്കെട്ട് പതിവാണ്. ഈ വിഷയങ്ങളെല്ലാം പ്രചാരണത്തില്‍ എല്‍.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ജനങ്ങളുമായി സംവദിച്ചപ്പോഴും അവരും പ്രധാനമായും ചൂണ്ടിക്കാട്ടിയത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളാണ്. വാര്‍ഡിന്റെ വികസനമാണ് എല്‍.ഡി.എഫ് പ്രധാനമായും ലക്ഷ്യമിടുന്നത്. വികസനക്കാഴ്ചകള്‍ പങ്കിട്ടുകൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊയിലാണ്ടി കോടതിയില്‍ 23 വര്‍ഷമായി സിവില്‍ ക്രിമിനല്‍ കേസുകളുകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അഡ്വ.പി.പ്രശാന്ത് അഡീഷണല്‍ ഗവ.പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവെച്ചാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്. കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തോളം കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റായിരുന്നു. ഈ കാലയളവില്‍ സ്‌കൂളിന്ററെ സമഗ്രപുരോഗതിയിലേക്ക് നയിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പി.ടി.എയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു.

ചേലിയ സ്വദേശിയായ അദ്ദേഹം സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ സജീവമാണ്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളില്‍ നിന്നുകൊണ്ടുള്ള കാല്‍നൂറ്റാണ്ടോളമുള്ള പ്രവര്‍ത്തന പരിചയവുമായാണ് ജനവിധി തേടുന്നത്. നാട്ടുകാര്‍ക്ക് ഏറെ പരിചിതനാണ്. ചേലിയ യുവജന വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ പ്രസിഡന്റ്, ചേലിയ കഥകളി വിദ്യാലയം നിര്‍വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ച പരിചയമുണ്ട്.