”കെ.ടി.മജീദ് തുടങ്ങിവെച്ച പദ്ധതികളുടെ പൂര്‍ത്തീകരണവും ലക്ഷ്യം” മൂന്നാം ഘട്ട വീടുകയറി പ്രചരണവും പൂര്‍ത്തിയാക്കിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ ഷുക്കൂര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു


കൊയിലാണ്ടി: വാര്‍ഡിന്റെ സമഗ്രവികസനത്തിനാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് ചേലിയ ടൗണില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അബ്ദുല്‍ ഷുക്കൂര്‍. വികസന കാര്യങ്ങള്‍ മുന്നോട്ടുവെച്ചാണ് ജനങ്ങളോട് വോട്ടഭ്യര്‍ത്ഥിക്കുന്നത്. നേരത്തെ ഇവിടെ മെമ്പറായിരുന്ന കെ.ടി.മജീദ് തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വീടുകയറിയുള്ള തെരഞ്ഞെടുപ്പ് പ്രചരണം മൂന്ന് ഘട്ടം പൂര്‍ത്തീകരിച്ചു. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. വാര്‍ഡിലെ പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടുതേടാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ യു.ഡി.എഫ് ഭരണത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ട്. മികച്ച ഭൂരിപക്ഷത്തോടെ തന്നെ വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ് അബ്ദുല്‍ ഷുക്കൂര്‍. നേരത്തെ പത്തുവര്‍ഷക്കാലത്തോളം മേലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. നിലവില്‍ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ആസൂത്രണ സമിതി അംഗമാണ്. സജീവ പാലിയേറ്റീവ് പ്രവര്‍ത്തകനാണ്.

ഏഴാം വാര്‍ഡ് അംഗമായ കോണ്‍ഗ്രസിലെ കെ.ടി.മജീദിന്റെ മരണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ജനുവരി 28 നാണ് മജീദ് മരിച്ചത്. മെയ് 30 നാണ് ഉപതിരഞ്ഞെടുപ്പ്. 31 നാണ് വോട്ടെണ്ണല്‍. പത്രിക സമര്‍പ്പിക്കല്‍ മെയ് 11ന് അവസാനിച്ചിരുന്നു. മെയ് 12ന് സൂക്ഷ്മ പരിശോധനയും കഴിഞ്ഞതാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ 72 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മജീദ് വിജയിച്ചത്. കോണ്‍ഗ്രസിന് 570 വോട്ട് ലഭിച്ചപ്പോള്‍ 498 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. മൂന്നാം സ്ഥാനത്തായിരുന്ന സി.പി.എമ്മിന് 300 വോട്ടാണ് ലഭിച്ചത്.