ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്:10 പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി, രണ്ടുപേരെ വെറുതെ വിട്ടത് റദ്ദാക്കി


കൊച്ചി: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് തിരിച്ചടി. കേസില്‍ പി.കെ.കുഞ്ഞനന്തന്‍ അടക്കമുള്ള പത്ത് പ്രതികളെ ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ചു. കൂടാതെ രണ്ട് പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടി റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസ് എ.കെ.ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

കെ.കെ.കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട നടപടിയാണ് റദ്ദാക്കിയത്. അതേസമയം മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ട വിധി കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും പി.മോഹനനന്‍ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് ടി.പിയുടെ ഭാര്യയും എം.എല്‍.എയുമായ കെ.കെ.രമയും പ്രതികളുടെ ശിക്ഷ കൂട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.

2012 മേയ് 4നാണ് ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. വടകരയ്ക്കടുത്ത് വള്ളിക്കാട് വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ടി.പിയ്ക്കുനേരെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരന്‍ സി.പി.എമ്മില്‍ നിന്ന് വിട്ടുപോയി ഒഞ്ചിയത്ത് ആര്‍.എം.പി എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയതിന് പകരം വീട്ടാന്‍ സി.പി.എമ്മുകാരായ പ്രതികള്‍ കൊലനടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

വിചാരണയ്ക്ക് ശേഷം 2014ല്‍ എം.സി.അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ.കുഞ്ഞനന്തന്‍ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂര്‍ സ്വദേശി ലംബു പ്രദീപിനെ മൂന്നു വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സി.പി.എം നേതാവായ പി.മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വിട്ടയച്ചു.

ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തന്‍ 2020 ജൂണില്‍ മരിച്ചിരുന്നു. കൊലപാതകത്തിന് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് കെ.കെ.രമ വാദിക്കുന്നത്. പ്രതികള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പരമാവധി ശിക്ഷ വിധിക്കണം എന്നാണ് സര്‍ക്കാരിന്റെ അപ്പീലായി കോടതിക്ക് മുന്നിലുള്ളത്.

12 പ്രതികളാണ് ശിക്ഷാവിധിക്കെതിരെ അപ്പീല്‍ നല്‍കിയത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയത്. സി.പി.എം നേതാവ് പി.മോഹനന്‍ ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ചതിന് എതിരെയായിരുന്നു കെ.കെ.രമയുടെ അപ്പീല്‍.