‘സാഗരയിലൂടെ വെങ്ങളത്തെ നൂറുകണക്കിന് കുട്ടികള്‍ക്ക് പാഠങ്ങള്‍ പകര്‍ന്നുനല്‍കിയ അധ്യാപകന്‍’ ഇന്ദീവരത്തില്‍ കെ.വിജയന്‍ മാസ്റ്റര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി


കാട്ടിലപ്പീടിക: സ്‌കൂളുകളിലോ കോളേജുകളിലോ പഠിപ്പിച്ചിട്ടില്ല, എങ്കിലും കാട്ടിലപ്പീടികക്കാര്‍ക്ക് ഇന്ദീവരത്തിലെ കെ.രാജന്‍ എന്നത് രാജന്‍ മാഷായിരുന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ രാജന്‍ മാഷ്. മൂന്നുപതിറ്റാണ്ടോളം ട്യൂഷന്‍ സെന്ററായിരുന്നു രാജനെ എല്ലാവരുടേയും പ്രിയപ്പെട്ട രാജന്‍ മാഷാക്കിയത്.

ആദ്യം സ്വന്തം വീടിന്റെ ചായ്പിലും പിന്നെ രാമകൃഷ്ണ റോഡിലെ ഷെഡിലും പിന്നീട് നസീബ് ബില്‍ഡിങ്ങിലും
ഇടയ്ക്ക് തിരുവങ്ങൂരിലും എലത്തൂരേക്കുമെല്ലാം ആ ട്യൂഷന്‍ സെന്റര്‍ വ്യാപിച്ചിരുന്നു. വെങ്ങളം ടൗണില്‍ സാഗര എന്ന പേരില്‍ പ്രവര്‍ത്തിച്ച ട്യൂഷന്‍ സെന്റര്‍ ഏറെ വിദ്യാര്‍ഥികള്‍ക്ക് ആശ്രയമായിരുന്നു. കുറച്ചുകാലം മുമ്പാണ് സാഗര നിര്‍ത്തിയത്. ഇപ്പോഴും വീട്ടില്‍ ട്യൂഷന്‍ സെന്റര്‍ നടത്തിയാണ് രാജന്‍ മാസ്റ്റര്‍ വരുമാനം കണ്ടെത്തിയിരുന്നത്.

രാഷ്ട്രീയ രംഗത്തും രാജന്‍ മാസ്റ്റര്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. സി.പി.എമ്മിന്റെ മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. കഴിഞ്ഞദിവസം കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അപ്രതീക്ഷിതമായി രാജന്‍ മാസ്റ്റര്‍ വിടപറഞ്ഞെങ്കിലും അദ്ദേഹം വിദ്യ പകര്‍ന്നുനല്‍കിയ വെങ്ങളത്തെയും പരിസര പ്രദേശങ്ങളിലെയും ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഓര്‍മ്മകളിലൂടെ ഇനിയും ഏറെക്കാലം അദ്ദേഹം ജീവിക്കും.

ഭാര്യ: മോളി. മക്കള്‍: ആദിത്യന്‍, ആര്‍ദ്ര. മരുമകന്‍: ഷനുലാല്‍. സഹോദരങ്ങള്‍: സത്യന്‍, സുഭാഷ്, ഷീബ, സുധീര്‍, പരേതനായ മധു.