ബാലുശ്ശേരിയിൽ വിവാഹവീട്ടിലേക്ക് വാഹനം ഓടിച്ച് കയറ്റി; ചോദ്യം ചെയ്ത സഹോദരങ്ങളെ കുത്തിപരിക്കേൽപ്പിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ


ബാലുശ്ശേരി: എസ്റ്റേറ്റ്മുക്കിൽ വിവാഹം നടക്കുന്ന വീട്ടിലേക്ക് വാഹനം ഓടിച്ചുകയറ്റിയത് ചോദ്യം ചെയ്ത സഹോദരങ്ങളെ കുത്തിപരിക്കേൽപ്പിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ബാലുശ്ശേരി എസ്‌റ്റേറ്റ് മുക്ക് നല്ലളപ്പാട്ടില്‍ മുനീര്‍(25), തോട്ടുംകര മുഹമ്മദ് ഷെറിന്‍(31), എം.എം പറമ്പ് പാലക്കണ്ടി വീട്ടില്‍ ആസിഫ് മുഹമ്മദ്(30) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

ശനിയാഴ്ച രാത്രിയിൽ എസ്റ്റേറ്റ്മുക്കിലെ വിവാഹം നടക്കുന്ന വീട്ടിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുനീറും സംഘവും ഈ വീട്ടിലേക്ക് വാഹനം ഓടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട് ഭയന്നോടിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ നിലത്ത് തെന്നിവീണിരുന്നു. ഇതേതുടർന്ന് അവിടെയുണ്ടായിരുന്ന ഷെമീറും ഷുഹൈബും ഉള്‍പ്പെടെയുള്ളവര്‍ യുവാക്കളെ ചോദ്യം ചെയ്യുകയായിരുന്നു. ശേഷം പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്.   

എന്നാൽ, അടുത്ത ദിവസം പുലര്‍ച്ചെ രണ്ടോടെ ഷെറിന്റെ നേതൃത്വത്തില്‍ കാറിലെത്തിയ അക്രമിസംഘം സഹോദരങ്ങളെ ആക്രമിക്കുകയായിരുന്നു. ഷമീറിനെയും ഷുഹൈബിനെയും വീട്ടില്‍ നിന്ന് വിളിച്ചിറക്കി കത്തിയും വടിയും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്. ശരീരമാസകലം പരിക്കേറ്റ ഇരുവരെയും ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.   

അക്രമികള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേരെ കൂടി പിടികൂടാനുണ്ടെന്ന് ഡിവൈ.എസ്.പി എ.എം. ബിജു പറഞ്ഞു. ബാലുശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പേത്ത്, എസ്.ഐമാരായ നിബിന്‍ ജോയ്, അബ്ദുല്‍ റഷീദ്, മുഹമ്മദ് പുതുശ്ശേരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് ജംഷീദ്, അനൂപ്, ബിജു, ഡ്രൈവര്‍ ഫൈസല്‍ കടവത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികതളെ പിടികൂടിയത്.