ഓവുചാലുകൾ ശനിയാഴ്ചക്കകം വൃത്തിയാക്കണം, ഖനനം നിർത്തിവെക്കണം; ജില്ലയിലെ മഴക്കാല മുന്നൊരുക്കത്തിനായി യോ​ഗം ചേർന്നു


കോഴിക്കോട്: ജില്ലയിൽ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷത യോഗം ചേർന്നു. യോഗത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഓവുചാലുകൾ മെയ് 25 നകം തടസ്സങ്ങൾ നീക്കി വൃത്തിയാക്കണമെന്ന് നിർദ്ദേശിച്ചു. ചെറിയ കനാലുകളും തോടുകളും തടസ്സങ്ങൾ നീക്കി മഴവെള്ളം ഉൾക്കൊള്ളാനാകും വിധം സജ്ജമാക്കണം. കാലവർഷം ശക്തിപ്പെടുകയാൽ എല്ലാ തരത്തിലുള്ള ഖനന പ്രവർത്തനങ്ങളും നിർത്തിവെക്കണം. ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളുടെ പട്ടിക ഉടൻ നൽകണം.

വേനൽ മഴ ആരംഭിക്കുന്നത് മുതൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും നിർബന്ധമായും 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങണമെന്നും യോഗം നിർദേശിച്ചു. ഓൺലൈൻ യോഗത്തിൽ സബ്കലക്ടർ ഹർഷിൽ ആർ മീണ, ഡിസിപി അനുജ് പാലിവാൽ, കോഴിക്കോട് റൂറൽ എസ്പി ഡോ. അരവിന്ദ് സുകുമാർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സജീദ് എസ്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. 

മറ്റ് പ്രധാന തീരുമാനങ്ങൾ

🔹വെള്ളക്കെട്ടുള്ള ഭാഗങ്ങളിലെ വിനോദസഞ്ചാരം ഭീഷണി നേരിടുന്ന സാഹചര്യത്തിൽ നിർത്തിവെക്കണം

🔹കാലവർഷക്കെടുതിയിൽ വൈദ്യുതി ലൈൻ പൊട്ടിവീണാൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി ഇക്കാര്യം ജനങ്ങളെ അറിയിക്കണം

🔹ദുരിതാശ്വാസക്യാമ്പുകൾക്കായി കണ്ടെത്തിയ കെട്ടിടങ്ങളുടെ ഫിറ്റ്നസ്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വില്ലേജ് ഓഫീസർമാർ പരിശോധിച്ച് റിപ്പോർട്ട് നൽകണം

🔹ജനങ്ങളുടെ ജീവനും സ്വത്തിനും വാഹനഗതാഗതത്തിനും ഭീഷണിയാകുന്ന മരങ്ങളും ചില്ലകളും മെയ് 25 ന് മുൻപ് മുറിച്ചു മാറ്റണം

🔹ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി എല്ലാ ജില്ല ഓഫീസർമാരും നോഡൽ ഓഫിസറെ നിയമിക്കണം

🔹ദുരന്തസാധ്യത പ്രദേശങ്ങൾ, അവിടങ്ങളിലെ കുടുംബങ്ങളുടെ പട്ടിക എന്നിവ തയ്യാറാക്കണം

🔹ക്യാമ്പുകളിലും ദുരന്തമേഖലയിലും പൊലീസ് പട്രോളിങ് ഉറപ്പാക്കണം   

🔹റോഡ് പണി കാരണം ഉണ്ടാകുന്ന വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിന് ദേശീയപാത അതോറിറ്റി നടപടി സ്വീകരിക്കണം

🔹ഏതെല്ലാം പ്രദേശങ്ങളിൽ ആണ് കൂടുതൽ പനി, മഞ്ഞപ്പിത്ത കേസുകൾ എന്നിവ സംബന്ധിച്ച് ആരോഗ്യവകുപ്പ് ഓരോ ദിവസവും റിപ്പോർട്ട്‌ നൽകണം

🔹കടലാക്രമണ, തീരശോഷണ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി ജലസേചനവകുപ്പ് വിവരം കൈമാറണം. കടൽഭിത്തി അറ്റകുറ്റപ്പണി നടത്തണം

🔹മഴക്കാലത്തെ വൈദ്യുതി തകരാർ പരിഹരിക്കാൻ അതാത് പ്രദേശത്തെ ടാസ്ക് ഫോഴ്സിനെ നിയോഗിക്കണം

🔹കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള എല്ലാ അണക്കെട്ടുകളുടെയും അലർട്ട് ലെവലുകൾ
എക്സിക്യൂട്ടീവ് എഞ്ചിനീയറെ അറിയേണ്ടതും തുറക്കുന്നതിന് മുൻകൂട്ടി അനുമതി തേടുകയും വേണം

🔹ഫിഷറീസ് വകുപ്പ് കടൽക്ഷോഭം സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുകൾ ഹാർബറുകൾ, ഫിഷ് ലാന്റിങ് സെൻററുകൾ, പൊതുസ്ഥലങ്ങൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമാക്കണം   

🔹കടലാക്രമണം, തീരശോഷണം എന്നിവ നേരിടുന്ന പ്രദേശങ്ങളിലെ താമസക്കാരെ സുരക്ഷിതമായി മാറ്റിപാർപ്പിക്കാൻ ഉള്ള സ്ഥലങ്ങൾ കണ്ടെത്തുകയും ആവശ്യമുള്ളപ്പോൾ മാറ്റിപ്പാർപ്പിക്കുകയും വേണം

🔹കാലവർഷം ബാധിക്കുന്ന മൃഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ കാറ്റിൽ അനിമൽ റെസ്ക്യൂ സിസ്റ്റം എന്ന ആർ ആർ ടി രൂപീകരിക്കണം

🔹സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ്, കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് എന്നിവ ഉറപ്പാക്കണം

🔹റോഡുകളിലെ ഉൾപ്പെടെ അപകടകരമായ കുഴികളും അപകടഭീഷണിയായ മരങ്ങളും പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) നീക്കം ചെയ്യണം.