കാരയാട് റോഡ് തകർന്ന നിലയിൽ; ഗതാഗത പ്രശ്നത്തിന് പരിഹാരം വേണമെന്ന് യു.ഡി എഫ്


കാരയാട്: അരിക്കുളം പഞ്ചായത്തിലെ കാരയാട് പ്രദേശത്തെ റോഡുകൾ ​ഗതാ​ഗത യോ​ഗ്യമാക്കണമെന്ന് യു.ഡി എഫ്. കാരയാട് പ്രദേശത്ത് ഗതാഗത സൗകര്യമുള്ള റോഡില്ലെന്നും ഇത് പരിഹരിക്കാൻ പഞ്ചായത്ത് ഭരണസമിതി അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നും യു.ഡി എഫ് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. 

കച്ചേരിത്താഴ – കോറോത്ത് കണ്ടിമുക്ക് റോഡിന് എം.എൽ എ ഫണ്ട് വഴി പണം ലഭിച്ചെങ്കിലും എസ്റ്റിമേറ്റിലുള്ള അളവിലുള്ള ടാറിങ്ങ് നടത്തിയിട്ടില്ലെന്നും അശാസ്ത്രീയമായ നിർമാണ രീതിയാണ് അവലംബിച്ചതെന്നും പരാതി ഉയർന്നിരുന്നു. ഇത് അന്വേഷിച്ച് നടപടി കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. 

കച്ചേരിത്താഴ – പടിഞ്ഞാറയിൽമുക്ക് കനാൽ റോഡിലൂടെ കാൽ നടയാത്ര പോലും അസാധ്യമായിരിക്കുന്നു സാഹചര്യമാണുള്ളതെന്നും അവർ ആരോപിച്ചു. 150 മീറ്റർ കൂടി ഗതാഗത യോഗ്യമാക്കിയാൽ അനേകമാളുകൾക്ക് ഉപകാരപ്രദമായ റോഡാണിത്. ഒരു പ്രദേശത്തോട് കാണിക്കുന്ന ഈ അവഗണന അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ബഹുജനങ്ങളെ അണിനിരത്തി പ്രത്യക്ഷ സമരങ്ങൾക്ക് യു.ഡി.എഫ് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.   

കാരയാട് നടന്ന യോഗം അരിക്കുളം പഞ്ചായത്ത് മുസ് ലിം ലീഗ് സെക്രട്ടറി ബഷീർ വടക്കയിൽ ഉൽഘാടനം ചെയ്തു. എൻ.എം ചേക്കൂട്ടി അധ്യക്ഷത വഹിച്ചു. സി .പി സുകുമാരൻ, കെ.പി.രാജീവൻ, സാദിഖ് വി.പി., രാജൻ മാസ്റ്റർ, പി.കെ.ബാലകൃഷ്ണൻ, കെ.എം പത്മനാഭൻ, സിദ്ദീഖ് എൻ.കെ, ടി. ഇബ്രാഹിം, കാപ്പുമ്മൽ അബ്ദുൾ സലാം, ജമാലുദ്ദീൻ വി,ഡോ: ഫിറോസ് വി.പി, ബാസിം ബഷീർ സംസാരിച്ചു.