സ്‌ട്രോബറിയും നട്‌സും പിന്നെ കുറച്ച് ഇലക്കറികളും; കുട്ടികളുടെ ബുദ്ധി വര്‍ധിപ്പിക്കാനിതാ അഞ്ച് ഭക്ഷണങ്ങള്‍
മക്കള്‍ക്ക് ഇഷ്ട ഭക്ഷണമാരുക്കുന്നതും കഴിപ്പിക്കുന്നതും എന്നും അച്ഛനമ്മമാര്‍ക്ക് ടെന്‍ഷനാണ്, ഇഷ്ട ഭക്ഷണമായിട്ടു പോലും മക്കള്‍ നേരാവണ്ണം ഭക്ഷണം കഴിക്കാത്തതിനെക്കുറിച്ച് പല രക്ഷിതാക്കളും പരാതി പറയാറുമുണ്ട്. കൊവിഡ് കാലത്താണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ കേട്ടിട്ടുള്ളത്.
സ്‌ക്കൂള്‍ കൂടെ അടച്ചു പൂട്ടിയതോടെ പല കുട്ടികളും ഓട്ടവും ചാട്ടവുമെല്ലാം നിര്‍ത്തി മൊബൈല്‍ ഫോണിലായിരുന്നു ഒരു ദിവസത്തിന്റെ മുക്കാല്‍ ഭാഗവും ചെലവഴിച്ചിരുന്നത്. ഈ ശീലം പല കുട്ടികളിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നിപ്പോള്‍ പതിയെ പതിയെ പലരും മക്കള്‍ക്ക് കൂടുതല്‍ പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ കൊടുക്കുകയും മക്കളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് ആരോഗ്യത്തിനും പറ്റിയ മികച്ച ഭക്ഷണമേതാണ് എന്ന കാര്യത്തില്‍ ഇന്നും പലര്‍ക്കും സംശയങ്ങളാണ്. അവര്‍ക്കായിതാ, കുട്ടികളുടെ ബുദ്ധി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍.
മുഴുധാന്യങ്ങള്‍
ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ് മുഴുധാന്യങ്ങള്‍. ബി വിറ്റാമിനുകള്‍ അടങ്ങിയ ധാന്യങ്ങളാണ് അരി, ഗോതമ്പ്, ബാര്‍ലി, ഓട്‌സ് എന്നിവ. അതുകൊണ്ടുതന്നെ ഇവ കഴിക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുകയും ഓര്‍മശക്തി നിലനിര്‍ത്തുകയും ചെയ്യും. ഒപ്പം മുഴുധാന്യങ്ങള്‍ ഏകാഗ്രത മെച്ചപ്പെടുത്താനും സഹായിക്കും.
ബെറി പഴങ്ങള്‍
ലുക്കിലും ടേസ്റ്റിലും പഴങ്ങളില്‍ എന്നും മുന്‍പന്തിയിലാണ് ബെറി പഴങ്ങള്‍. കാണാനുള്ള ഭംഗി പോലെ തന്നെ നിരവധി ഗുണങ്ങളുള്ള പഴവര്‍ഗം കൂടിയാണ് ഇവ. ആന്റി ഓക്‌സിഡുകള്‍ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ ബെറി പഴങ്ങളായ സ്‌ട്രോബറി, ഞാവല്‍പ്പഴം ഇവയെല്ലാം ദഹനം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. ഒപ്പം ഇവയ്ക്ക് അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് അടുത്തിടെ പഠനങ്ങളില്‍ തെളിഞ്ഞിരുന്നു.
നട്‌സ്
കുഞ്ഞുങ്ങള്‍ക്ക് ഏറ്റവുമിഷ്ടമുള്ള ഭക്ഷണ പദാര്‍ത്ഥമാണ് നട്‌സ്. സിനിമ കാണുമ്പോഴും, ഫോണില്‍ ഗെയിം കളിക്കുമ്പോഴും കുഞ്ഞു മക്കള്‍ ഇഷ്ടം പോലെ നട്‌സ് കഴിക്കാറുണ്ട്. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഇവ കുട്ടികളുടെ ബുദ്ധിവികാസത്തിന് ഏറെ നല്ലതാണ്. ദിവസവും ഒരുപിടി നട്‌സ് കഴിക്കുന്നത് ഹൃദ്രോഗം, അര്‍ബുദം, അകാലമരണം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കും. കൂടാതെ 20ഗ്രാം നട്‌സ് ദിവസവും കഴിച്ചു നോക്കൂ, നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും, തീര്‍ച്ച.
മുട്ട
കുഞ്ഞുങ്ങള്‍ക്ക് ഏറെയിഷ്ടമുള്ള ഭക്ഷണമാണ് മുട്ട. പ്രോട്ടീനുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ മുട്ട തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും. കൂടാതെ ല്യൂട്ടിന്‍. സീസാന്തിന്‍ എന്നീ ആന്റി ഓക്‌സിഡന്റുകളും മുട്ടയിലുണ്ട്. ഇവ കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസേന മുട്ട കഴിക്കുന്നവരില്‍ സ്‌ട്രോക്കിന്റെ സാധ്യത കുറയുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ഒപ്പം ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മുട്ട സഹായിക്കും.
ഇലക്കറികള്‍
വൈറ്റമിന്‍ എ കൂടുതലുള്ളവയാണ് ഇലക്കറികള്‍. അതുകൊണ്ടുതന്നെ ഇവ കഴിക്കുന്നതിലൂടെ ബുദ്ധി വികസിക്കുകയും, രോഗ പ്രതിരോധ ശേഷി കൂടുകയും ചെയ്യും. ഇരുമ്പ് സത്തിന്റെ പ്രധാന ഉറവിടം കൂടിയാണ് ഇലക്കറികള്‍. ഗര്‍ഭിണികളുടെയും കുട്ടികളുടെയും വിളര്‍ച്ച ഒഴിവാക്കാന്‍ ഇലക്കറികള്‍ ഏറെ സഹായിക്കും. പ്രീ സ്‌ക്കൂള്‍(4-6 വയസ്) മുതല്‍ മുകളിലോട്ട് ഉള്ള കുട്ടികള്‍ ദിവസവും 50ഗ്രാം ഇലക്കറികളെങ്കിലും കഴിക്കണം.