അത്തോളി സ്വദേശിയുള്‍പ്പടെ അഞ്ച് പേരില്‍ നിന്നായി പിടികൂടിയത് മൂന്ന് കോടിയുടെ സ്വര്‍ണ്ണം; കരിപ്പൂർ വിമാനത്താവളത്തിൽ വന്‍ സ്വര്‍ണ്ണവേട്ട
കൊയിലാണ്ടി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി വന്നിറങ്ങിയ അഞ്ച് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മൂന്ന് കോടി രൂപ വിലമതിക്കുന്ന 5.719 കിലോ ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
ഇന്ന് രാവിലെ ദുബായിയില്‍ നിന്നെത്തിയ അത്തോളി സ്വദേശി ഐനിപ്പുറത്ത് ഷറഫുദ്ദീനില്‍ നിന്ന് 1255 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മിശ്രിത രൂപത്തിലാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചിരുന്നത്.
ജിദ്ദയില്‍ നിന്നും ബഹ്‌റൈന്‍ വഴി കരിപ്പൂരിലെത്തിയ മലപ്പുറം സ്വദേശികളായ മൂന്ന് പേരില്‍ നിന്നായി 3505 ഗ്രാം സ്വര്‍ണവും പോലീസ് പിടികൂടി. വള്ളുവമ്പ്രം സ്വദേശി തയ്യില്‍തൊടി നൗഷാദില്‍ നിന്നും 1167 ഗ്രാം സ്വര്‍ണ മിശ്രിതവും ആമയൂര്‍ സ്വദേശി കൊട്ടകോടന്‍ ജംഷീര്‍ മോനില്‍ നിന്നും 1168 ഗ്രാം സ്വര്‍ണ മിശ്രിതവും പന്തല്ലൂര്‍ സ്വദേശി കുവപ്പിലം മുഹമ്മദ് അസ്ലമില്‍ നിന്നും 1170 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് പിടികൂടിയത്.
ഇന്നലെ രാത്രി ദുബായില്‍ നിന്നെത്തിയ ഈങ്ങാപ്പുഴ സ്വദേശി കലംതോടല്‍ ഫാരിസില്‍ നിന്നും 959 ഗ്രാം സ്വര്‍ണ മിശ്രിതവും പിടികൂടിയിരുന്നു.