വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ പണയ സ്വർണ തട്ടിപ്പ് കേസ്; ഒരു കിലോ സ്വർണം കൂടി കണ്ടെടുത്തു
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ പണയ സ്വർണ തട്ടിപ്പ് കേസിൽ ഒരു കിലോ സ്വർണം കൂടി കണ്ടെടുത്തു. തിരുപ്പൂർ ഡി.ബി.എസ് ബാങ്ക് ശാഖയിൽ നടത്തിയ പരിശോധനയിലാണ് പലരുടേയും പേരിൽ പണയംവെച്ച സ്വർണാഭരണങ്ങൾ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടാം പ്രതി കാർത്തിക്കിനെ ചോദ്യം ചെയ്തതിൽ നിന്നാണ് സ്വർണം പണയ വെച്ചത് തിരുപ്പൂർ ഡി.ബി.എസ് ബാങ്ക് ശാഖയിൽ എന്നാണെന്ന് വ്യക്തമായത്. തുടർന്ന് പ്രതിക്കെപ്പം അന്വേഷണ സംഘം ഇവിടെ തെളിവെടുപ്പ് നടത്തിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
അഞ്ചു അക്കൗണ്ടുകളിലായാണ് സ്വർണം പണയം വെച്ചത്. കാത്തലിക് സിറിയൻ ബാങ്കിന്റെ പല ശാഖകളിലും ഇതോടൊപ്പം പോലീസ് പരിശോധന നടത്തിയിരുന്നു. ഇനി കണ്ടെത്താനുള്ള സ്വർണങ്ങളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചതായാണ് വിവരം. 26.244 കിലോഗ്രാം പണയ സ്വർണമാണ് ബാങ്കിൽനിന്ന് നഷ്ടപ്പെട്ടത്. നേരത്തേ കണ്ടെടുത്ത സ്വർണമടക്കം 16 കിലോ 850 ഗ്രാം സ്വർണം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
തെളിവെടുപ്പിന് റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.വി. ബെന്നി, എസ്.ഐ കെ. മനോജ്കുമാർ, എ.എസ്.ഐമാരായ അനിൽകുമാർ, സുരേഷ്കുമാർ, സീനിയർ സി.പി.ഒ സന്തോഷ് എന്നിവർ നേതൃത്വം നൽകി. കസ്റ്റഡിയിലുള്ള പ്രതിയെയും സ്വർണവും തിങ്കളാഴ്ച വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.