പിന്നെയും പിന്നെയും മനസിന്റെ പടികടന്നെത്തുന്ന പാട്ടുകള്‍ മലയാളത്തിന് സമ്മാനിച്ച് എങ്ങോ മറഞ്ഞ പാട്ടുകാരന്‍; ഗിരീഷ് പുത്തഞ്ചേരി യാത്രയായിട്ട് പതിനാല് വര്‍ഷം


കാശദീപങ്ങളെ സാക്ഷി നിർത്തി അക്ഷരനക്ഷത്രം കോർത്ത ജപമാലയും കൈയ്യിലേന്തി സംഗീതത്തിന്റെ ഹരിത വൃന്ദാവനത്തിൽ ഹരിമുരളീരവമൂതി ഓടിനടന്ന് മലയാളിക്ക് കൈക്കുടന്ന നിറയെ മധുരഗാനങ്ങൾ സമ്മാനിച്ച അതുല്യപ്രതിഭ. അത്തോളിക്കടുത്ത് പുത്തഞ്ചേരിയിൽ കൃഷ്ണപ്പണിക്കരുടെയും മീനാക്ഷിയുടെയും പുത്രനായ ഗിരീഷ് പുത്തഞ്ചേരിയെന്ന ഗാനരചയിതാവിനെ അറിയാൻ ഈ ഒരു വരി തന്നെ മലയാളിക്ക് ധാരാളം!

എക്കാലവും മലയാളിക്ക് നെഞ്ചോട് ചേര്‍ത്ത് വെക്കാന്‍ കഴിയുന്ന നിരവധി ഗാനങ്ങള്‍ സമ്മാനിച്ചാണ് ഒരു ഫെബ്രുവരി 10 ന് യാത്രപോലും ചോദിക്കാതെ പുത്തഞ്ചേരി പടിയിറങ്ങിപോയത്. ഈണങ്ങള്‍ക്കതീതമായി അർഥങ്ങൾ തീർത്ത വരികൾ ബാക്കിയാക്കിയാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ. പിന്നെയും പിന്നെയും മനസ്സിന്റെ പടികടന്നെത്തുന്ന ഗാനപ്രപഞ്ചം മലയാളത്തിന് സമ്മാനിച്ച് എങ്ങോ മറഞ്ഞ പാട്ടുകാരന്‍ പുത്തഞ്ചേരിയുടെ ഓർമ്മകൾക്ക് ഇന്ന് 14 വർഷം.

പുത്തഞ്ചേരി എന്ന ചെറു ഗ്രാമത്തിൽ പിറന്നൊരു സാധാരണക്കാൻ, മലയാള സിനിമ ഗാനങ്ങളുടെ ശില്പ ഭാവുകത്വത്തിന് വർണ്ണ ചിറകു നൽകി ആസ്വാദകനെ അഭൌമ തലത്തിലേക്ക് ഉയർത്തിയ പ്രതിഭ. പ്രണയവും വിരഹവും ജീവിതവും സന്തോഷവും സങ്കടവുമൊക്കെ അക്ഷരങ്ങളിലൂടെ ചാലിച്ചെടുത്ത് മനസുകളില്‍ നിറയ്ക്കാനുള്ള അസാധാരണമായ സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. കുറഞ്ഞ കാലയളിവിൽ 328 ചിത്രങ്ങളിലായി 1556 ഗാനങ്ങള്‍ രചിച്ചു.

നാടകരംഗത്ത് സജീവമായിരിക്കെ, രഞ്ജിത്ത് തിരക്കഥയെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിയാണ് മലയാള സിനിമയുടെ പടിവാതില്‍ കയറി ഗിരീഷ് പുത്തഞ്ചേരി എത്തുന്നത്. എംജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ദേവാസുരത്തിലെ ‘സൂര്യകിരീടം വീണുടഞ്ഞു’ എന്ന ഗാനം സൂപ്പര്‍ ഹിറ്റായി മാറിയതോടെ മലയാള സിനിമാ ഗാനശാഖയിലും ഗിരീഷ് പുത്തഞ്ചേരി എന്ന പേര് സൂപ്പര്‍ഹിറ്റായി. എ.ആര്‍. റഹ്‌മാന്‍, ലക്ഷ്മികാന്ത് പ്യാരേലാല്‍, ഇളയരാജ, രവീന്ദ്രന്‍ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ഈണങ്ങള്‍ക്ക് ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങളെഴുതി.

ഭൂമിയെ എല്ലാ സുന്ദര പദങ്ങളും കൂടെ കൊണ്ടുനടക്കുന്നൊരു മായ ജലക്കരനയൊരുന്നു അദ്ദേഹമെന്നു തോന്നിയിട്ടുണ്ട്. കഥാവശേഷനിലെ “കണ്ണും നട്ടു കാത്തിരുന്നിട്ടും… “എന്ന ഗാനമാകട്ടെ ഒരു സിനിമ ഗാനത്തിനപ്പുരമുള്ളോരു തലത്തിലേക്ക്നമ്മെ എത്തിക്കുകയും ചെയ്യുന്നു.

സമ്മര്‍ ഇന്‍ ബത്ലഹേമിലെ ഒരു രാത്രി കൂടി വിടവാങ്ങവേ, എത്രയോ ജന്മമായ് എന്നിങ്ങനെയുള്ള രണ്ടു ഗാനങ്ങള്‍. അതേപോലെ പ്രണയവര്‍ണങ്ങളിലെ കണ്ണാടിക്കൂടും കൂട്ടി, മീശമാധവനിലെ കരിമിഴിക്കുരുവിയെ കണ്ടീല, ആറാം തമ്പുരാനിലെ ഹരിമുരളീരവവും.. പാടി തൊടിയിലാരോ, കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ. മൂവന്തിത്താഴ്വരയില്‍, ബാലേട്ടനിലെ ഇന്നലെ എന്റെ നെഞ്ചിലേ… മാടമ്പിയിലെ അമ്മ മഴക്കാറ് എന്നിങ്ങനെ പറഞ്ഞാല്‍ തീരാത്ത ഒട്ടേറെ ഗാനങ്ങളാണ് പുത്തഞ്ചേരി മലയാളിക്ക് സമ്മാനിച്ചത്.

ഗാനങ്ങൾക്കു പുറമേ മലയാളി ഇഷ്ടപ്പെട്ട കുറച്ചു സിനിമകൾക്കു കഥയും അദ്ദേഹം എഴുതി. മേലേപ്പറമ്പിൽ ആൺവീട്, കിന്നരിപ്പുഴയോരം എന്നീ ഹിറ്റ് ചിത്രങ്ങൾക്കു വേണ്ടിയാണ് അദ്ദേഹം കഥയെഴുതിയത്. വടക്കുംനാഥൻ, പല്ലാവൂർ ദേവനാരായണൻ, ബ്രഹ്‌മരക്ഷസ് എന്നിവയ്ക്കു തിരക്കഥയുമെഴുതി. കഥാവശേഷൻ, ഗൗരീ ശങ്കരം, നന്ദനം, രാവണ പ്രഭു, പുനരധിവാസം, കൃഷ്ണഗുഡിയിൽ ഒരു പ്രണയ കാലത്ത്, അഗ്നിദേവൻ എന്നീ സിനിമകളിലൂടെയാണ് അദ്ദേഹത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്.

ഏഴു തവണ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള കേരളാ സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. ഒട്ടനവധി അവാര്‍ഡുകള്‍ വേറെയും. മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ക്ക് പുറമേ ലതാ മങ്കേഷ്‌കര്‍, എ ആര്‍ റഹ്‌മാന്‍, ഇളയ രാജ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ചു. ഷഡ്ജം , തനിച്ചല്ല എന്നീ രണ്ടു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു.

ഫെബ്രുവരി പത്തുകൾ ഇനിയും വരും. അതൊന്നുമോർക്കാതെ മലയാളി പുത്തഞ്ചേരിയുടെ വരികൾ പാടിക്കൊണ്ടിരിക്കും….