‘ഇപ്പ ശരിയാക്കിത്തരായെന്ന് പറയുന്നതല്ലാതെ ശരിയാവുന്നില്ല’ ഇന്നലെ രാവിലെ അടച്ചിട്ട ഇരിങ്ങല്‍ ഗേറ്റ് ഇപ്പോഴും അടഞ്ഞുതന്നെ; കോട്ടക്കല്‍, കോളാവിപ്പാലം ഭാഗത്തേക്കുള്ള യാത്രക്കാര്‍ ദുരിതത്തില്‍


ഇരിങ്ങല്‍: ഇന്നലെ രാവിലെ കാറിടിച്ച് തകര്‍ന്ന ഇരിങ്ങല്‍ സര്‍ഗാലയയ്ക്ക് സമീപത്തുള്ള റെയില്‍വേ ഗേറ്റ് ഇന്ന് ഇതുവരെയായിട്ടും തുറന്നില്ല. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. കൊളാവിപ്പാലം, കോട്ടക്കല്‍ ഭാഗത്തേക്കും അവിടെ നിന്ന് തിരിച്ചുമുള്ള യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കേണ്ടിവരുന്നത്.

കാറിടിച്ച് ഗേറ്റ് തകര്‍ന്നതിന് പിന്നാലെയാണ് അറ്റകുറ്റപ്പണികള്‍ക്കായി റെയില്‍വേ ഗേറ്റ് അടച്ചത്. ആദ്യം മൂന്നുമണിക്കൂറിനുള്ളില്‍ ശരിയാവുമെന്നാണ് പറഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ അഞ്ച് മണിക്കൂറിനുള്ളില്‍ ശരിയാക്കാമെന്നായി. പിന്നീട് വൈകുന്നേരത്തോടെ ശരിയാവുമെന്ന് പറഞ്ഞു. എന്നാല്‍ വൈകുന്നേരമായപ്പോള്‍ ‘ഇന്നിനി നടക്കില്ല, നാളെ നോക്കാം’ എന്ന് പറഞ്ഞ് പണിക്കാര്‍ മടങ്ങി. ഇന്ന് ഇതുവരെയായിട്ടും ഗേറ്റ് തുറന്നിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഇതുവഴിയുള്ള കൊളാവിപ്പാലം, അറിബിക് കോളേജ്, കോട്ടക്കല്‍ ഭാഗത്തേക്കുള്ള ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഓട്ടോറിക്ഷകള്‍ക്കും പോകാനാവില്ല. ഇന്ന് രണ്ടാം ശനിയാഴ്ചയായതിനാല്‍ ഇരിങ്ങല്‍ സര്‍ഗാലയയിലേക്ക് താരതമ്യേന ടൂറിസ്റ്റുകള്‍ കൂടുതല്‍ വരുന്ന ദിവസമാണ്. ഇവിടേക്കും ആളുകള്‍ക്ക് പോകാനാവാത്ത അവസ്ഥയാണ്.

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിനായി ഗേറ്റ് തുറന്ന് കൊടുക്കാന്‍ വൈകുന്നത് റെയില്‍വേയുടെ അനാസ്ഥയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.