ലോകകപ്പിലെ ഫ്രഞ്ച് ടീമിന്റെ മുന്നേറ്റം ആഘോഷിക്കാന്‍ ഫ്രാന്‍സ് അംബാസിഡറൊരുക്കിയ വിരുന്നില്‍ കൊയിലാണ്ടിക്കാരനും; കട്ട ഫ്രഞ്ച് ഫാനായ പെരുവട്ടൂരുകാരന്‍ തൗഫീര്‍ ആ വിരുന്നിലേക്കെത്തിയ കഥ പറയുകയാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിലൂടെ
ജിൻസി ടി.എം
കുറച്ചുവര്‍ഷം മുമ്പ്, ഫുട്‌ബോള്‍ ടീമിനോടുള്ള ആരാധന ഫ്‌ളക്‌സുകളിലൂടെയും കട്ടൗട്ടുകളിലൂടെയും മത്സരിച്ച് പ്രകടിപ്പിക്കുന്നതിന് മുമ്പ് ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിനൊപ്പം കൂടിയാണ് കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി തൗഫീര്‍ കൈതവളപ്പില്‍. അന്ന് കുഞ്ഞ് തൗഫീറിനൊപ്പം ഫ്രഞ്ച് പടയ്ക്ക് ആവേശമായി കൂടെയുണ്ടായിരുന്നത് ഒന്നോ രണ്ടോ പേര്‍. അഞ്ഞൂറും ആയിരവും അതിലേറെയും ആരാധക നിരയുള്ള വമ്പന്‍ ടീമുകളുടെ പരിഹാസം ഏറ്റുവാങ്ങിയിട്ടുണ്ട് ചിലപ്പോള്‍. പക്ഷേ ഫ്രാന്‍സിന്റെ ഫുട്‌ബോളിനോടുള്ള ആരാധന ഒട്ടും കുറഞ്ഞില്ലയെന്ന് മാത്രമല്ല ഇന്ന് ഖത്തറില്‍ പ്രിയ ടീമിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിനല്‍കുന്നത്രത്തോളം വളരുകയാണ് ചെയ്ത്.
പെരുവട്ടൂരില്‍ ഇട്ടാവട്ടത്തുനിന്നും ഫ്രാന്‍സിനുവേണ്ടി ഉയര്‍ത്തിയ മുദ്രാവാക്യങ്ങളില്‍ നിന്ന് ഫ്രഞ്ച് ആരാധകന്‍ എന്ന നിലയില്‍ ഫ്രാന്‍സ് അംബാസിഡര്‍ ഒരുക്കിയ ഔദ്യോഗിക വിരുന്നില്‍ പങ്കെടുക്കുന്നതിലേക്ക് വരെ വളര്‍ന്ന ആ കഥ കൊയിലാണ്ടി ന്യൂസിനുവേണ്ടി പങ്കുവെക്കുകയാണ് തൗഫീര്‍.
” ഇന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ഫാന്‍സ് ക്ലബ് ഇന്ത്യ എന്ന ഒരു കൂട്ടായ്മയുണ്ട്. പെരുവട്ടൂരില്‍ നിന്നുതന്നെയാണ് അതിന്റെ തുടക്കം. എന്റെ കുട്ടിക്കാലത്ത് അന്ന് പെരുവട്ടൂരില്‍ ഫ്രാന്‍സിന് വിരലിലെണ്ണാവുന്ന ആരാധകര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. അവിടെ നിന്നു തുടങ്ങി 2014 മുതല്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫാന്‍സ് ക്ലബ് കേരള എന്ന കൂട്ടായ്മയുണ്ടാക്കി. പിന്നീട് കേരളത്തിന് പുറത്തും ഫ്രാന്‍സിന് ആരാധകന്മാരുണ്ട് എന്ന് മനസിലാക്കി 2019ലാണ് ഫ്രഞ്ച് ഫുട്‌ബോള്‍ ഫാന്‍സ് ക്ലബ് ഇന്ത്യ എന്ന രീതിയില്‍ രജിസ്റ്റര്‍ ചെയ്തത്.
ഇന്ന് ഫ്രാന്‍സിലെ ഏറ്റവും വലിയ ആരാധക കൂട്ടായ്മയൊക്കെയായി ഇന്ത്യന്‍ ആരാധക കൂട്ടായ്മയ്ക്ക് ബന്ധമുണ്ട്. കളിക്കാരുടെ ട്രെയിനിങ്ങുമായി ബന്ധപ്പെട്ട് ഫ്രാന്‍സിലെ ആരാധക കൂട്ടായ്മ ഞങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ഖത്തറിലേക്ക് പുറപ്പെടുന്നതിനു മുമ്പ് പാരീസില്‍വെച്ച് ടീമിന് ട്രെയിനിങ്ങളുണ്ടായിരുന്നു. അത് കാണാനായി ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനുമായി ബന്ധപ്പെട്ട അസോസിയേഷന്റെ ആളുകള്‍ ക്ഷണിച്ചിരുന്നു. അങ്ങനെ അവിടെ പോകുകയും കളിക്കാരെ നേരിട്ട് കാണാനും അടുത്തിടപഴകാനും പറ്റി. അവിടെ നിന്നാണ് ഖത്തറിലേക്കെത്തുന്നത്.
ഇവിടെ ഇന്ത്യക്കാരെ പെയ്ഡ് ഫാന്‍സാണ് എന്നുള്ള രീതിയില്‍ യൂറോപ്യന്‍ മാധ്യമങ്ങളൊക്കെ ചിത്രീകരിച്ചിരുന്നു. അത് അങ്ങനെയല്ലയെന്നും ഞങ്ങളുടെ കൂട്ടായ്മയുടെ ചരിത്രവുമൊക്കെ ഫ്രഞ്ച് മാധ്യമങ്ങള്‍ക്ക് ഞങ്ങള്‍ പറഞ്ഞുകൊടുത്തു. 2014 മുതല്‍ ഞങ്ങള്‍ നടത്തിവരുന്ന പരിപാടികളുടെയും മറ്റും ഫോട്ടോസെല്ലാം അവര്‍ക്ക് കാണിച്ചുകൊടുത്തു. അങ്ങനെ ഞങ്ങളള്‍ genuine ആണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു.
ഞങ്ങളുടെ പാഷനും ഫ്രഞ്ച് മാധ്യമങ്ങളില്‍ ഞങ്ങളെക്കുറിച്ചുവന്ന വാര്‍ത്തകളും മനസിലാക്കി കൊണ്ടാണ് കളിക്കാര്‍ ഖത്തറിലെത്തിയപ്പോള്‍ അവരെ സ്വീകരിക്കാനായി ഹോട്ടലില്‍ കൂട്ടായ്മ അംഗങ്ങളെ ക്ഷണിച്ചത്. ഖത്തറില്‍ ഫ്രാന്‍സില്‍ നിന്നും വരുന്ന ആളുകള്‍ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനും മത്സരങ്ങള്‍ക്കിടെ ടീമിന് ആവേശം പകരാന്‍ സ്റ്റേഡിയത്തിലുമെല്ലാം ഞങ്ങള്‍ സജീവമായിരുന്നു. ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി ഫ്രഞ്ച് അംബാസിഡര്‍ ഞങ്ങളെ ബന്ധപ്പെടുകയായിരുന്നു. അങ്ങനെയാണ് അവരുടെ വിരുന്നിലേക്ക് ക്ഷണിക്കുന്നത്.
ഫ്രാന്‍സില്‍ നിന്നും വളരെ വേണ്ടപ്പെട്ട ചില ആളുകളും മാധ്യമങ്ങളും ആണ് വിരുന്നില്‍ പങ്കെടുത്തു. വളരെ നല്ല എക്‌സ്പീരിയന്‍സായിരുന്നു അത്. അംബാസിഡര്‍ ഞങ്ങളെ അടുത്തേക്ക് വിളിപ്പിച്ച് കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചെല്ലാം ചോദിച്ചറിയുകയും അടുത്ത് ഇടപഴകുകയും ചെയ്തു. പേഴ്‌സണല്‍ നമ്പര്‍ കൈമാറി. എന്ത് ആവശ്യമുണ്ടെങ്കിലും ബന്ധപ്പെടാന്‍ പറഞ്ഞു. എന്നെക്കൂടാതെ കൂട്ടായ്മയിലെ അഞ്ച് അംഗങ്ങള്‍ കൂടിയുണ്ടായിരുന്നു. അവിടെയുള്ള എല്ലാവരേയും ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി.” തൗഫീര്‍ പറയുന്നു.
ഇന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ഫാന്‍സ് ക്ലബ് ഇന്ത്യ എന്ന കൂട്ടായ്മയ്ക്ക് മൂവായിരത്തിലധികം രജിസ്‌ട്രേറ്റ് മെമ്പര്‍മാരുണ്ട്. അത് കൂടാതെ സോഷ്യല്‍ മീഡിയ വഴി പതിനെട്ടായിരത്തോളം ആളുകള്‍ ഫോളോ ചെയ്യുന്നുണ്ടെന്നും തൗഫീര്‍ പറയുന്നു. തൗഫിക്കൊപ്പം മലയാളികളായ ഫസലുറഹ്‌മാന്‍, ശിഹാബുദ്ദീന്‍, രജിത് കുമാര്‍, അഫ്‌സല്‍, ഇഖ്ബാല്‍ എന്നിവര്‍ വിരുന്നില്‍ പങ്കെടുത്തു
ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലാണ് തൗഫി ജോലി ചെയ്യുന്നത്. യു.കെയിലാണ് മിക്കവാറുമുണ്ടാകാറുള്ളത്. ഖത്തറില്‍ ലോകകപ്പ് ആവശ്യത്തിനായി എത്തിയതാണ്.