‘അൽപ്പം പണം വേണം’; പി ജയരാജന്റെ ഫോട്ടോ ഉപയോഗിച്ചുള്ള വാട്സാപ്പിൽ നിന്ന് സന്ദേശം അയച്ച് തട്ടിപ്പിന് ശ്രമം; സന്ദേശമെത്തിയത് കൊയിലാണ്ടി സ്വദേശിയുടെ നമ്പറിൽ നിന്ന്
കൊയിലാണ്ടി: പ്രമുഖ വ്യക്തികളുടെ പേരിലുള്ള തട്ടിപ്പു തുടരുന്നു, ഇത്തവണ ഇരയായത് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. സന്ദേശം വന്നതാകട്ടെ കൊയിലാണ്ടി സ്വദേശിയുടെ നമ്പറിൽ നിന്ന്. ജയരാജന്റെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയ വാട്സ്ആപ്പ് പ്രൊഫൈലിൽ നിന്നാണ് പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ എത്തിയത്.
ഈ അക്കൗണ്ടിൽ നിന്നും നിരവധി പേരോട് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ എത്തിയിട്ടുണ്ട്. സംഭവത്തില്‍ പി ജയരാജൻ അഡീ. കമ്മീഷണർ പി പി സദാനന്ദന് പരാതി നൽകി. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ കൊയിലാണ്ടി സ്വദേശിയുടെ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പിന് ശ്രമം നടന്നത് എന്ന് വ്യക്തമായി.
മുഖ്യമന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരിൽ ഓണ്‍ലൈൻ തട്ടിപ്പ് വ്യാപകമാവുന്നു എന്ന പരാതി ഉണ്ടായിട്ടും പോലീസ് അന്വേഷിക്കുന്നില്ല എന്ന പരാതിയും ഉയർന്നിരുന്നു. പിണറായി വിജയന്‍റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി ഐപിഎസ് ഉദ്യോഗസ്ഥനിൽ നിന്നും പണം തട്ടാൻ ശ്രമം നടന്നിരുന്നു. അത്യാവിശ്യമായി പണം വേണം എന്നുള്ള സന്ദേശമായിരുന്നു അതിലും. ചീഫ് സെക്രട്ടറിയുടെ ചിത്രം വച്ച് നടത്തിയ തട്ടിപ്പിൽ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ കുടുങ്ങുകയുണ്ടായി. 30,000 ഇയാൾക്ക് നഷ്ടമായത്.
ഓൺലൈൻ പണമിടപാടുകൾ നടത്തുമ്പോൾ വേണം ഏറെ ജാഗ്രത, കരുതിയിരിക്കുക കുരുക്ക് നിങ്ങളെ തേടിയും എത്താം.