കോഴിക്കോട് നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വടിവാള്‍ വീശി കവര്‍ച്ച, പൊലീസിന് നേരെയും ആക്രമണം; ഗുണ്ടാസംഘം പിടിയില്‍


കോഴിക്കോട്: പൊലീസിനെയും പൊതുജനങ്ങളെയും വടിവാള്‍ വീശി മുള്‍മുനയില്‍ നിര്‍ത്തിയ കവര്‍ച്ചാ സംഘം ഒടുവില്‍ പിടിയിലായി. കൊടുവള്ളി വാവാട് സ്വദേശി സിറാജുദ്ദീന്‍ തങ്ങള്‍ (32), കാരപ്പറമ്പ് സ്വദേശി ക്രിസ്റ്റഫര്‍ (29), പെരുമണ്ണ സ്വദേശി മുഹമ്മദ് അന്‍ഷിദ് (21), വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് സുറാഖത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. നിരവധി മോഷണക്കേസുകളിലും പിടിച്ചുപറി കേസുകളിലും പ്രതികളാണ് ഇവര്‍.

രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് വെള്ളിയാഴ്ച രാത്രി കോഴിക്കോട് നഗരത്തെ ഇവര്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ഒരേസമയം വടിവാള്‍ വീശി അക്രമം നടത്തിയാണ് ഇവര്‍ കവര്‍ച്ചകള്‍ നടത്തിയത്. സിറാജുദ്ദീന്‍ കൊലക്കേസിലെ പ്രതി കൂടിയാണ്.

വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അക്രമം ആരംഭിച്ചത്. ആനിഹാള്‍ റോഡിലൂടെ നടന്ന് പോവുകയായിരുന്ന ആളുടെ മൊബൈല്‍ ഫോണും പണമടങ്ങിയ പേഴ്‌സുമാണ് ഇവര്‍ ആദ്യം അക്രമം നടത്തി പിടിച്ചുപറിച്ചത്. പിന്നീട് കോട്ടപ്പറമ്പിലെ ബാറില്‍ നിന്ന് ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയുടെ രണ്ട് പവന്റെ സ്വര്‍ണ്ണമാലയും പേഴ്‌സും കത്തിവീശി ആക്രമിച്ച് കൈക്കലാക്കി. മാവൂര്‍ റോഡ് ശ്മശാനത്തിന് സമീപവും സമാനമായ രീതിയില്‍ പേഴ്‌സ് പിടിച്ച് പറിക്കാന്‍ ഇവര്‍ ശ്രമിച്ചു.

വിവരം അറിഞ്ഞെത്തിയ പൊലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിന്റെ ബോണറ്റില്‍ പ്രതികള്‍ വടിവാള്‍ കൊണ്ട് വെട്ടി. തുടര്‍ന്ന് കസബ സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ അതിക്രമിച്ച് കടന്ന് വീട്ടുടമസ്ഥനെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു പണം കവര്‍ന്നു. ഈ സമയം സ്ഥലത്തെത്തിയ കസബ പൊലീസിനുനേരെ പ്രതികള്‍ വടിവാള്‍ വീശി. ഒരു പൊലീസുകാരന് പരിക്കേറ്റുവെന്നാണ് വിവരം.

പ്രതി സിറാജുദ്ദീനെ സംഭവസ്ഥലത്തു വച്ച് ബലപ്രയോഗത്തിലൂടെ പൊലീസ് പിടൂകൂടി. പ്രതികള്‍ സഞ്ചരിച്ച വന്ന വാഹനവും കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് അന്‍ഷിദിനെ പുതിയറയില്‍ വച്ച് ഓടിച്ചിട്ട് പിടികൂടിയത്. മറ്റു രണ്ടു പ്രതികളെ അവരുടെ വീടുകളില്‍ വച്ച് അറസ്റ്റ് ചെയ്തു. കവര്‍ച്ച ചെയ്ത സ്വര്‍ണമാലയടക്കമുള്ളവയും കണ്ടെടുത്തു.