കാൽപന്തിന്റെ ചക്രവർത്തിക്ക് വിട; ഫുട്‌ബോൾ ഇതിഹാസം പെലെ അന്തരിച്ചു


സാവോ പോളോ: ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം പെലെ അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ചികിൽസയിലിരിക്കെയാണ് മരണം. അദ്ദേഹത്തിന് 82 വയസ്സായിരുന്നു. ബ്രസീലിലെ സാവോ പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ അഗ്രഗണ്യനാണ് പെലെ. തന്റെ ആദ്യ പ്രഫഷനൽ ക്ലബ്ബായ സാന്റോസിനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സമയത്താണ് പെലെ ബ്രസീൽ ഫുട്ബോൾ ടീമിലേക്കെത്തിയത്. 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീൽ ജഴ്സി അണിയുമ്പോൾ പെലെയ്ക്ക് പ്രായം വെറും പതിനാറ്. ആദ്യം മത്സരിച്ചത് പരമ്പരാഗത വൈരികളായ അർജന്റീനയ്ക്കെതിരെയും. അർജന്റീനയോട് അന്ന് ബ്രസീൽ 1-2ന് തോറ്റെങ്കിലും ബ്രസീലിന്റെ ഏകഗോൾ നേടി പെലെ തന്റെ അരങ്ങേറ്റം കൊഴുപ്പിച്ചു. 58 ൽ തന്റെ പതിനേഴാംവയസ്സിൽ സ്വീഡനെതിരായ ലോകകപ്പ് ഫൈനലിലൂടെ അദ്ദേഹം ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും കവർന്നു.

എക്കാലത്തെയും മികച്ച ടീമുകളിൽ ഒന്നായ ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചത് പെലെയായിരുന്നു. പെലെ നിറഞ്ഞുനിൽക്കെ ബ്രസീൽ മൂന്നു തവണ ലോകകപ്പ് ഏറ്റുവാങ്ങി. ആദ്യം 1958ൽ, പിന്നെ 1962ൽ, ഒടുവിൽ 1970ൽ. എന്നാൽ 1962ൽ പരുക്കിനെത്തുടർന്ന് പെലെ ലോകകപ്പിനിടയിൽ പിൻമാറി. ആകെ നാലു ലോകകപ്പുകളിൽ (1958, 62, 66, 70) പങ്കെടുക്കുകയും പതിനാലു മത്സരങ്ങൾ കളിക്കുകയും ചെയ്ത പെലെ ഇന്നും ലോകകപ്പിലെ വിസ്മയമാണ്. ഫുട്ബോൾ ലോകകപ്പിൽ ഒരുപിടി റെക്കോർഡുകളും പെലെ സ്വന്തമാക്കിയിട്ടുണ്ട്.

Summary:

Football legend Pele has passed away