സര്‍വ്വീസ് നടത്തുന്ന അഞ്ചിലേറെ ബസുകള്‍ ഏതുവഴി പോകും? ഇതുവഴി പോകുന്ന യാത്രക്കാരും പെട്ടുപോകും; ബൈപ്പാസ് നിര്‍മ്മാണത്തോടെ കോതമംഗലം-മണമല്‍ റോഡ് അടയുന്ന സാഹചര്യം ഒഴിവാക്കണമെന്ന് നാട്ടുകാര്‍


കൊയിലാണ്ടി: നിരവധി യാത്രക്കാര്‍ കാലങ്ങളായി ഉപയോഗിക്കുന്ന കോതമംഗലം മണമല്‍ റോഡ് ബൈപ്പാസ് നിര്‍മ്മാണത്തോടെ അടയുമ്പോള്‍ കൊയിലാണ്ടി നഗരത്തിന്റെ ഭാവി വികസനത്തെയും അത് ബാധിക്കും. ഊരളളൂര്‍, മൂഴിക്കു മീത്തല്‍, കാവുംവട്ടം, തെറ്റിക്കുന്ന്, അണേല, കുറുവങ്ങാട്, മണമല്‍ ഭാഗത്ത് നിന്ന് വരുന്ന നൂറ് കണക്കിന് യാത്രക്കാര്‍ കൊയിലാണ്ടി നഗരത്തിലേക്ക് പ്രവേശിക്കുന്നത് നിത്യാനന്ദാശ്രമം കോതമംഗലം റോഡ് വഴിയാണ്.

ഈ റോഡിന്റെ പ്രാധാന്യം കണക്കിലെടുത്താണ് കഴിഞ്ഞ വര്‍ഷം 15 കോടി രൂപയിലേറെ ചെലവഴിച്ച് കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍പ്പെടുത്തി മണമല്‍ മുതല്‍ കാവുംവട്ടം വഴി മുത്താമ്പി വൈദ്യരങ്ങാടി വരെ റോഡ് വികസിപ്പിച്ചത്. ഏറ്റവും തിരക്കു പിടിച്ച ഈ പാതയിലൂടെ അഞ്ചിലേറെ ബസ്സുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. റോഡ് അടയുന്നതോടെ ഈ ബസ്സ് സര്‍വ്വീസുകള്‍ ഇല്ലാതാവുമോയെന്ന ആശങ്ക യാത്രക്കാര്‍ക്കുണ്ട്. നിത്യാനന്ദാശ്രമത്തിന് സമീപം റോഡ് അടയുമ്പോള്‍ പകരം മണമല്‍ ദര്‍ശന മുക്ക് വഴി ഗതാഗതം തിരിച്ചു വിടേണ്ടി വരും.

വീതി കുറഞ്ഞ ഈ റോഡിലൂടെ ഒരു വശത്ത് നിന്ന് മാത്രമേ വലിയ വാഹനങ്ങള്‍ കടന്നു പോകാന്‍ കഴിയുകയുളളു. മറു ഭാഗത്ത് നിന്ന് വലിയ വാഹനങ്ങള്‍ വന്നാല്‍ വാഹനങ്ങള്‍ കുരുക്കിലമരും. ദര്‍ശനമുക്ക്-മണമല്‍ റോഡ് വികസിപ്പിക്കുക അത്ര എളുപ്പമുളള കാര്യമല്ല. റോഡ് വികസനം നടത്തണമെങ്കില്‍ അതിനുളള ശ്രമങ്ങള്‍ കൊയിലാണ്ടി നഗരസഭ ഇപ്പോഴെ തുടങ്ങണം. അതല്ലെങ്കില്‍ രണ്ടോ മൂന്നോ മാസം കൊണ്ട് നിത്യാനാന്ദാശ്രമം റോഡിലൂടെയുളള ഗതാഗതം നിലക്കുന്ന അവസ്ഥ വരും.

കൊയിലാണ്ടി നഗരത്തിലേക്ക് എളുപ്പമെത്താവുന്ന പാതയാണിത്. മുത്താമ്പി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഏതെങ്കിലും തരത്തിലുളള ഗതാഗത കുരുക്ക് അനുഭവപ്പെടുമ്പോള്‍ കാവുംവട്ടം അരിക്കുളം ഭാഗത്തേക്ക് എത്താനുളള ബദല്‍ മാര്‍ഗ്ഗം കൂടിയാണിത്. നൂറ് കണക്കിന് യാത്രക്കാര്‍ കാലങ്ങളായി ഉപയോഗിക്കുന്ന ഒരു റോഡ് മുട്ടിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പകരം ആ റോഡിനേയും കൂടി പരിഗണിച്ചു കൊണ്ടുളള നിര്‍മ്മാണ പ്രവൃത്തിയാണ് വേണ്ടത്.

ബൈപ്പാസ് മുറിച്ച് കടന്നു പോകുന്ന നിത്യാനന്ദാശ്രമത്തിന് സമീപം മിനി ബസ്സുകള്‍ക്ക് കടന്നു പോകാന്‍ കഴിയാവുന്ന തരത്തില്‍ ഒരു ചെറിയ അടിപ്പാതയെങ്കിലും അനുവദിച്ചാല്‍ ഈ റോഡ് നിലനിര്‍ത്താന്‍ കഴിയും. നഗര വികസനത്തിനും അത് മുതല്‍ കൂട്ടാവും. ഇക്കാര്യത്തില്‍ കൊയിലാണ്ടി നഗരസഭയാണ് ശക്തമായ നിലപാട് എടുക്കേണ്ടതെന്ന് കൊയിലാണ്ടി നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വല്‍സരാജ് കേളോത്ത് ആവശ്യപ്പെട്ടു.

അണേലയില്‍ നിന്ന് വരുന്ന ബസ്സുകള്‍ മണമല്‍ റോഡ്, ദര്‍ശന മുക്ക് വഴി കൊയിലാണ്ടി ടൗണിലേക്ക് തിരിച്ചു വിടാനുളള ഏതെങ്കിലും തരത്തിലുളള സംവിധാനം കൊയിലാണ്ടി നഗരസഭ തയ്യാറാക്കിയിട്ടുണ്ടോയെന്നും കേളോത്ത് വല്‍സരാജ് ചോദിച്ചു. കൊയിലാണ്ടി നഗരസഭയിലെ പത്തിലേറെ പോക്കറ്റ് റോഡുകളാണ് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിലൂടെ നഷ്ടപ്പെടുക.