‘ഐ വോസ് കിഡ്നാപ്ഡ് ബൈ പോലീസ്, ദി കസ്റ്റഡി വോസ് നോട്ട് പ്രോപ്പേര്ലി’; കൊയിലാണ്ടിയില്‍ പിടിയിലായ മാവോയിസ്റ്റ് പ്രവര്ത്തകന് മാധ്യമപ്രവര്‍ത്തകരോട്, ദൃശ്യങ്ങള്‍ കാണാം
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും ഇന്നലെ പോലീസ് പിടിയിലായ മാവോയിസ്റ്റ് പ്രവര്ത്തകന് അനീഷ് ബാബുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുവന്ന ദൃശ്യങ്ങള്‍ പുറത്ത്. വന്‍ പോലീസ് സന്നാഹത്തില്‍ മുഖം മൂടിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
ഇന്നലെ രാത്രി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തെ അരിക്കുളം റോഡില്‍ നിന്നാണ് അനീഷിനെ പിടികൂടിയത്. തണ്ടര്‍ബോള്‍ട്ട്, വടകര ഡി.വൈ.എസ്.പി, എന്‍.ഐ.എ ഉദ്യോഗസ്ഥര്‍, തമിഴ്നാട് ക്യൂ ബ്രാഞ്ച് എന്നിവരടങ്ങിയ സംഘം രാത്രി ഏഴരയോടെ ചോദ്യം ചെയ്ത ഇയാളെ കോഴിക്കോട് സ്പെഷ്യല്‍ കോടതിയിലേക്ക് കൊണ്ടുപോവും വഴി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
വൈദ്യ പരിശോധനയ്ക്ക് ശേഷം പോലീസ് വാഹനത്തില്‍ കയറിയ അനീഷിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ഐ വോസ് കിഡ്നാപ്ഡ് ബൈ പോലീസ്, ദി കസ്റ്റഡി വോസ് നോട്ട് പ്രോപ്പേര്ലി’ യെന്ന് അനീഷ് മറുപടി നല്‍കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
ആശുപത്രിക്ക് പുറത്തും അകത്തും തണ്ടര്‍ബോള്‍ട്ടും പോലീസും വന്‍ സുരക്ഷയൊരുക്കിയാണ് അനീഷിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടു വന്നത്. സംഭവമറിഞ്ഞ് മാവോയിസ്റ്റ് പ്രവര്‍ത്തകനെ കാണാന്‍ നിരവധി പേരാണ് പോലീസ് വാഹനത്തിന് സമീപത്തായി എത്തിയത്. സ്റ്റേഷനില്‍ നിന്നും മുഖം മൂടിയിട്ട് കൊണ്ടുവന്ന അനീഷിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം മുഖം മൂടി അഴിച്ചാണ് പോലീസ് വാഹനത്തിലേക്ക് കൊണ്ടുപോയത്.
വയനാട്, കണ്ണൂര്‍ വനാന്തരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കബനിദളത്തിന്റെ ഭാഗമായാണ് അനീഷ് പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പോലീസ് പറയുന്നത്. മാവോയിസ്റ്റുകള്‍ പുറത്ത് നിന്നും സാധനങ്ങള്‍ എത്തിക്കുന്ന ഇയാള്‍ ‘കൊറിയര്‍’ എന്നാണ് അറിയപ്പെടുന്നത്. മുമ്പ് വയനാട് പോലീസ് അനീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി മൊയ്ദീന്റെ നേതൃത്വത്തില്‍ 18 മാവോയിസ്റ്റുകളാണ് കബനിദളത്തില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം ആറളം ഫാമിന് സമീപത്തുള്ള കേളകത്ത് വനംവകുപ്പിന്റെ വാച്ചര്‍മാര്‍ക്കെതിരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തിരുന്നു. ഒപ്പം കമ്പമല കോളനിയിലെ സിസിടിവിയും വയനാട് ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ഓഫീസും മാവോയിസ്റ്റുകള്‍ അടിച്ചു തകര്‍ത്തിരുന്നു. തുടര്‍ന്ന് ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇന്നലെ അനീഷ് പിടിയിലാവുന്നത്.
ദൃശ്യങ്ങള്‍ കാണാം