‘ഓൺലെെൻ ബിസിനസിന്റെ ആവശ്യത്തിന് ഇടയ്ക്ക് പോകാറുണ്ട്, കഴിഞ്ഞ ദിവസവും പോയത് ഇതേ കാരണം പറഞ്ഞ്, പിന്നീട് അറിയുന്നത് കൊലപാതകക്കേസിൽ അറസ്റ്റിലായ വിവരം’; നി​ഗൂഡതകളുമായി ചേമഞ്ചേരി സ്വദേശി ശിഫാസിന്റെ ജീവിതം


ചേമഞ്ചേരി: ഓൺലെെൻ ബിസിനസ് ആവശ്യത്തിനാണ് പറഞ്ഞാണ് ചേമഞ്ചേരി ചാത്തനാടത്ത് താഴെ വീട്ടില്‍ പി.പി.ശിഫാസ് കഴിഞ്ഞ ദിവസവും വീട്ടിൽ നിന്ന് പോയത്. എന്നാൽ കൊലപാതക കേസിൽ യുവാവ് അറസ്റ്റിലായ വിവരമാണ് പിന്നീട് കുടുംബക്കാരും നാട്ടുകാരും അറിയുന്നത്. മംഗളുരു ഹമ്പന്‍കട്ടയില്‍ ജ്വല്ലറി ജീവനക്കാരനെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസിലാണ് യുവാവ് അറസ്റ്റിലാകുന്നത്.

നാട്ടിൽ മീന്‍കൃഷിയുണ്ട്, അതിനൊപ്പം ഓൺലെെൻ ബിസിനസും ശിഫാസിന് നടത്തിയിരുന്നു. ഡ്രെെഫ്രൂട്ട്സും ചായപ്പൊടി തുടങ്ങിയവയാണ് ഓൺലെെനായി വിൽപ്പന നടത്തുന്നത്. ഇതിന്റെ ആവശ്യത്തിനായി ഇടയ്ക്ക് യുവാവ് നാട്ടിൽ നിന്നും മാറി നിൽക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ഫെബ്രുവരി ഒന്നാം തിയ്യതിയും ശിഫാസ് പോയിരുന്നു. പിന്നീട് തിരിച്ച് വന്ന് കഴിഞ്ഞ ദിവസം വീണ്ടും പോയി. ഇതെല്ലാം ബിസിനസ് ആവശ്യത്തിനാണെന്നാണ് വീട്ടുകാരോടെല്ലാം ശിഫാസ് പറഞ്ഞിരുന്നതെന്ന് അയൽവാസികൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. എന്നാൽ ഇന്നലെ കൊലപാതക കേസിൽ‍ യുവാവ് അറസ്റ്റിലായതോടെയാണ് ഞെട്ടിക്കുന്ന വിവരം എല്ലാവരും അറിയുന്നത്. ഇടയ്ക്ക് നാട്ടില്‍ നിന്നും കുറച്ചുദിവസം മാറി നില്‍ക്കാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികളും പറയുന്നു. ക്രൂരമായ കൊലപാതകവും മോഷണവും നടത്തിയ ആളാണ് എന്ന് ശിഫാസിനെ അറിയുന്ന ആർക്കും വിശ്വസിക്കാനാവുന്നില്ല. ഏതെങ്കിലും മോഷണക്കേസിലോ മറ്റോ പിടിയിലായതായി അറിവില്ലെന്നും പ്രദേശവാസികൾ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് കൊലപാതകം നടന്നത്. ജ്വല്ലറി ജീവനക്കാരനായ അത്താവര്‍ സ്വദേശി രാഘവേന്ദ്ര ആചാര്യയാണ് (54) കൊല്ലപ്പെട്ടത്. മംഗളുരു ഹമ്പന്‍കട്ടയിലെ മിലാഗ്രസ് സ്‌കൂളിന് സമീപമുള്ള ‘മംഗളുരു ജ്വലേര്‍സ്’ കടയില്‍ ഉച്ചകഴിഞ്ഞ് 3.30 ഓടെ ഉപഭോക്താവിന്റെ വേഷത്തില്‍ എത്തിയ കൊലയാളി രാഘവേന്ദ്ര ആചാര്യയുടെ കഴുത്തില്‍ കത്തികൊണ്ട് വെട്ടിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.

കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ട് അക്രമിയെ പിടികൂടാന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. കറുത്ത ടീ ഷര്‍ടും നീല ജീന്‍സ് പാന്റും കറുത്ത മുഖംമൂടിയും കണ്ണടയും ധരിച്ചിരിക്കുന്ന ഒരാളുടെ ചിത്രമാണ് പൊലീസ് അന്ന് പുറത്തുവിട്ടത്. കൊലയാളിക്കായി കേരളത്തിലടക്കം പൊലീസ് അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് ശിഫാസ് പിടിയിലായത്.

കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ.സുധാകരന്‍, ഡി.സി.ആര്‍.ബി ഡി.വൈ.എസ്.ബി അബ്ദുര്‍ റഹീം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തില്‍ സിപിഒ നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി, സുജിത്ത്, സജീഷ്, ഡ്രൈവര്‍ ചെറിയാന്‍ എന്നിവരും ഉണ്ടായിരുന്നു.