സി.ആര്‍. സെവനും രക്ഷിക്കാനായില്ല; പോര്‍ച്ചുഗല്ലിനും മടങ്ങാം; ചരിത്രം കുറിച്ച് മൊറോക്കോ സെമിയില്‍


ദോഹ: ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത് മൊറോക്കോ സെമിയിലേക്ക്. 0-1 ഗോളിനാണ് മോറോക്കോയുടെ വിജയം. ബഞ്ചിലായിരുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ രണ്ടാംപകുതിയില്‍ ഇറക്കിയിട്ടും മടക്ക ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിനായില്ല. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി ഇതോടെ മൊറോക്കോ.

കിക്കോഫായി അഞ്ചാം മിനുറ്റില്‍ മത്സരത്തിലെ ആദ്യ ഫ്രീകിക്കില്‍ ഫെലിക്സിന്റെ ഹെഡര്‍ ബോനോ തട്ടിത്തെറിപ്പിച്ചു. തൊട്ടുപിന്നാലെ മോറോക്കോയുടെ ഹെഡര്‍ ബാറിന് തൊട്ട് മുകളിലൂടെ പാഞ്ഞു. തൊട്ടുപിന്നാലെ ഇരു ടീമുകളും ഇടയ്ക്ക് പാഞ്ഞെത്തിയെങ്കിലും ഗോളിലേക്ക് വഴിമാറിയില്ല. 26-ാം മിനുറ്റില്‍ സിയെച്ചിന്റെ ഹെഡര്‍ തലനാരിഴയ്ക്കാണ് ഗോളാകാതെ പോയത്. 30-ാം മിനുറ്റില്‍ ഫെലിക്സിന്റെ ഉഗ്രന്‍ ഷോട്ട് ഡിഫ്‌ലക്ഷനായി പുറത്തേക്ക് തെറിച്ചു. ഇതിന് ശേഷം 42-ാം മിനുറ്റിലായിരുന്നു യഹിയയുടെ ക്രോസില്‍ ഉയര്‍ന്നുചാടി തലവെച്ച് നെസീരിയുടെ ഗോള്‍. ഇതിന് പിന്നാലെ ബ്രൂണോയുടെ ഷോട്ട് ബാറില്‍ തട്ടി തെറിച്ചു.

കഴിഞ്ഞ കളിയില്‍ ക്രിസ്റ്റ്യാനോയ്ക്ക് പകരം സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി ഹാട്രിക് തികച്ച ഗോണ്‍സാലോ റാമോസാണ് ഇന്നും സെന്‍ട്രല്‍ സ്‌ട്രൈക്കര്‍. ബ്രൂണോ ഫെര്‍ണാണ്ടസും ജുവാ ഫെലിക്സുമാണ് മറ്റ് രണ്ട് മുന്നേറ്റക്കാര്‍. സ്വിസ് ടീമിനെ നേരിട്ട ഇലവനില്‍ നിന്ന് ഒരു മാറ്റം മാത്രമാണ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് വരുത്തിയിരിക്കുന്നത്. വില്യം കാര്‍വാലിയോയ്ക്ക് പകരം മധ്യനിരയില്‍ റൂബന്‍ നെവസ് എത്തി.