പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ.ജി.ജോര്‍ജ് അന്തരിച്ചു


കൊച്ചി: പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകന്‍ കെ.ജി.ജോര്‍ജ് അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. എറണാകുളം ജില്ലയിലെ കാക്കനാടുള്ള വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.

രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ചലച്ചിത്ര ജീവിതത്തില്‍ വ്യത്യസ്തമായ നിരവധി സിനിമകളാണ് കെ.ജി.ജോര്‍ജ് മലയാളത്തിന് സമ്മാനിച്ചത്. യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് തുടങ്ങിയ ചിത്രങ്ങള്‍ മലയാളത്തിലെ മികച്ച ചിത്രങ്ങളായി അടയാളപ്പെടുത്തിയവയാണ്. 1998 ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം.

കച്ചവട സിനിമയായിരിക്കെ തന്നെ കലാമൂല്യവും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ് കെ.ജി.ജോര്‍ജ് സംവിധാനം ചെയ്തിട്ടുള്ളത്. കാലത്തിന് മുന്നേ സഞ്ചരിച്ച ചിത്രങ്ങള്‍ എന്നാണ് കെ.ജി.ജോര്‍ജിന്റെ ചിത്രങ്ങളെ നിരൂപകര്‍ വിശേഷിപ്പിക്കുന്നത്.

സ്വപ്നാടനം, ഉള്‍ക്കടല്‍, കോലങ്ങള്‍, മേള, ഇരകള്‍, യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, കഥയ്ക്ക് പിന്നില്‍, മറ്റൊരാള്‍, പഞ്ചവടിപ്പാലം, ഈ കണ്ണി കൂടി എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങളേ കെ.ജി.ജോര്‍ജ് സംവിധാനം ചെയ്തിട്ടുള്ളൂ. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് കെ.ജി.ജോര്‍ജാണ്.

നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. സ്വപ്നാടനത്തിന് മികച്ച ചിത്രം, തിരക്കഥ എന്നിവയ്ക്ക് 1975-ല്‍ സംസ്ഥാന പുരസ്‌കാരം ലഭിച്ചു. രാപ്പാടികളുടെ ഗാഥയ്ക്ക് 1978-ല്‍ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.1982ല്‍ മികച്ച ചിത്രം, കഥ എന്നിവയ്ക്ക് യവനികയ്ക്കും 1983-ല്‍ മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് ആദാമിന്റെ വാരിയെല്ലിനും സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ഇരകള്‍ എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1985 ലും കെ.ജി. ജോര്‍ജിനെത്തേടി സംസ്ഥാന പുരസ്‌കാരമെത്തി.

യവനിക, സ്വപ്നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2016-ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിനും അര്‍ഹനായി. 2017 ല്‍ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബ്ബിന്റെ പ്രത്യേക ഓണററി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പ്രശസ്ത സംഗീതജ്ഞന്‍ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സല്‍മയാണ് ഭാര്യ. മക്കള്‍ അരുണ്‍, താര.