മൂന്ന് പേരുടെ മരണത്തിലും ഷാരൂഖിന് പങ്ക്, കൊലക്കുറ്റം ചുമത്തി; എലത്തൂർ തീവെപ്പ് കേസിൽ എന്‍.ഐ.എ കോഴിക്കോട്ട്


കൊയിലാണ്ടി: എലത്തൂ‍ർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിനെതിരെ കൊലക്കുറ്റം ചുമത്തി. മൂന്നുപേരുടെ മരണത്തില്‍ പ്രതിക്ക് പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. റെയിൽവെ പോലിസ് സമർപ്പിച്ച എഫ് ഐ ആറിൽ ഷാരുഖിനെതിരെ ഐ.പി.സി 302 വകുപ്പാണ് ചുമത്തിയിട്ടുള്ളത്. നേരത്തേ റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊലപാതകക്കുറ്റം ചുമത്തിയിരുന്നില്ല.

കണ്ണൂർ മട്ടന്നൂർ സ്വദേശികളായ റഹ്മത്, സഹോദരിയുടെ മകൾ രണ്ടര വയസ്സുകാരി സഹ്റ, കണ്ണൂർ സ്വദേശി നൗഫിൽ എന്നിവരാണ് മരിച്ചത്. ഒമ്പ് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു. മരണപ്പെട്ടവരുടെ കുടുംബാഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മുഖ്യമന്ത്രിയോടൊപ്പം ഭാര്യ കമലയും സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ഉണ്ടായിരുന്നു. സർക്കാർ നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി കുടുംബാഗങ്ങൾക്ക് കൈമാറുകയും ചെയ്തു.

അതേസമയം, ട്രെയിനിലെ തീവെപ്പുമായി ബന്ധപ്പെട്ട കേസില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍.ഐ.എ. സംഘം കോഴിക്കോട്ടെത്തി. ഡി.ഐ.ജി. കാളി രാജ് മഹേഷ് ഉള്‍പ്പെടെയുള്ള സംഘമാണ് ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടെത്തിയത്.

കേസില്‍ ഷാരൂഖിനെ14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഈ മാസം 20 വരെയാണ് റിമാന്‍ഡ് കാലാവധി. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് എസ് വി മനേഷ് മെഡിക്കല്‍ കോളേജിലെത്തിയാണ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റും.

Summary: Elathur train fire attack shahrukh-saifi was charged with murder