എലത്തൂരിൽ ട്രെയിനിലെ തീവെപ്പ്: ആക്രമിയുടെ ബാ​ഗ് കണ്ടെടുത്തു, ഉള്ളില്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള എഴുത്തുകൾ, ഭീകരവാദ ആക്രമ സാധ്യത തള്ളാതെ പോലീസ്


കൊയിലാണ്ടി: എലത്തൂരിന് സമീപത്തുവെച്ച് കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയ സംഭവത്തില്‍ അക്രമിയുടേതെന്ന് കരുതുന്ന ബാഗ് പോലീസ് കണ്ടെടുത്തു. മൃതദേഹം കിട്ടിയ സ്ഥലത്തിന് തൊട്ടടുത്താണ് ബാഗ് ഉണ്ടായിരുന്നത്.

ബാ​ഗില്‍ നിന്ന് ഒരു കുപ്പി പെട്രോള്‍ കണ്ടെടുത്തു. ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ നോട്ട്ബുക്ക്, ലഘുഭക്ഷണം, വസ്ത്രം, കണ്ണട, ഒരു പേഴ്‌സ്, മറ്റുചില വസ്തുക്കള്‍ എന്നിവയും ഭാഗില്‍ നിന്ന് കണ്ടെത്തി. ബാഗില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും പേഴ്‌സില്‍ നിന്ന് കഷ്ണം കടലാസും ഫോറന്‍സിക് സംഘം കണ്ടെത്തി.

ബാഗിന് സമീപത്ത് നിന്നും കണ്ടെത്തിയ നോട്ട് പാഡില്‍ ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലും പലകാര്യങ്ങളും എഴുതിയ നോട്ട് ബുക്ക് നനഞ്ഞതിനാല്‍ എഴുതിയത് പലതും അവ്യക്തമാണ്. റെയില്‍വേ ട്രാക്കില്‍ നിന്ന് ലഭിച്ച ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

ഫോണില്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവ തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. നോട്ട് ബുക്കില്‍ പല തീയതികളും റെയില്‍വേ സ്റ്റേഷനുകളുടെ പേരുമുണ്ട്. ഇംഗ്ലീഷില്‍ എസ്. എന്ന രീതിയില്‍ വലുതായി എഴുതിയിട്ടുമുണ്ട്. അക്രമിക്ക് കാലിന് പൊള്ളലേറ്റതായുള്ള ദൃക്‌സാക്ഷി മൊഴിയെത്തുടര്‍ന്ന് സമീപത്തെ ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധന നടത്തിയെങ്കിലും ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല.

സംഭവത്തിൽ ഭീകരവാദ- മാവോയിസ്റ്റ് ആക്രമ സാധ്യത തള്ളാതെ പോലീസ്. സംഭവത്തിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം തുടങ്ങി. സംഘം എലത്തൂരില്‍ എത്തി.

ALSO READ- തീ പടര്‍ന്ന വിവരം ആദ്യം അറിയിച്ചത് കൊയിലാണ്ടിയിലെ റെയില്‍വേ ഉദ്യോഗസ്ഥന്‍, ട്രെയിൻ നിർത്തിയത് കോരപ്പുഴയ്ക്ക് മുകളില്‍, കൂട്ടക്കരച്ചില്‍ ഉയര്‍ന്നതിന് പിന്നാലെ പലരും വണ്ടിയില്‍ നിന്ന് പുറത്തേക്ക് ചാടി; എലത്തൂരില്‍ ട്രെയിനില്‍ തീ വച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Summary: Elathur train fire: Assailant’s bag found with writings in English and Hindi inside, police not ruling out possibility of terrorist attack