‘ഞങ്ങളും കൃഷിയിലേക്ക്’; ഡി.വൈ.എഫ്.ഐ കണ്ണമ്പത്ത് യൂണിറ്റ് നടത്തുന്ന പച്ചക്കറി കൃഷി വിളവെടുത്തു


അരിക്കുളം: യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ നടത്തുന്ന പച്ചക്കറി കൃഷിയുടെ വിളവെടുത്തു. ഡി.വൈ.എഫ്.ഐ അരിക്കുളം മേഖലയിലെ കണ്ണമ്പത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പച്ചക്കറി കൃഷിയാണ് വിളവെടുപ്പ് നടത്തിയത്.

ഡി.വൈ.എഫ്.ഐ അരിക്കുളം മേഖലാ സെക്രട്ടറി നിതിൻ ലാലും പ്രസിഡന്റ് ഫിറോസും മേഖലാ കമ്മിറ്റി അംഗം അതുലും ചേർന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വെള്ളരി പറിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം. രണ്ടര മാസം മുമ്പായിരുന്നു പച്ചക്കറി കൃഷിയുടെ വിത്തിടൽ.

സമൂഹത്തെ കൃഷിമുറ്റത്തേക്ക് ഇറക്കാനും പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാനുമായുള്ള കൃഷിവകുപ്പിന്റെ പദ്ധതിയാണ് ‘ഞങ്ങളും കൃഷിയിലേക്ക്’. ഈ പദ്ധതിയുടെ ഭാഗമായാണ് ഡി.വൈ.എഫ്.ഐ കണ്ണമ്പത്ത് യൂണിറ്റ് കമ്മിറ്റി കൃഷി നടത്തുന്നത്.