നാദാപുരത്ത് മയക്കുമരുന്ന് വേട്ട; 30.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍


നാദാപുരം: നാദാപുരത്ത് 30.5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ചെക്യാട് സ്വദേശി ചേണികണ്ടിയില്‍ നംഷീദ് (37) ആണ് പിടിയിലായിരിക്കുന്നത്. നാദാപുരം എസ്ഐ ജിയോ സദാനന്ദനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച്ച രാത്രി നാദാപുരം ആവോലത്ത് വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. പ്രതി സഞ്ചരിച്ചിരുന്ന മഹീന്ദ്ര താര്‍ ജീപ്പ് തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോള്‍ ജീപ്പിന്റെ ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.

വില്‍പ്പന നടത്താനായി സൂക്ഷിച്ച 35 ഓളം പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറുകളും പോലീസ് പിടികൂടി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

നാദാപുരം ഡിവൈഎസ്പി വിവി ലതീഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. നംഷീദിനെ നേരത്തെയും വളയം പൊലീസ് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തിരുന്നതായും പോലീസ് അറിയിച്ചു.