ഡ്രൈവിങ് ലൈസന്‍സ് കൃത്യസമയത്ത് പുതുക്കാന്‍ മറക്കേണ്ട? വൈകിയാല്‍ വീണ്ടും ടെസ്റ്റ് പാസാകണമെന്ന് ഹൈക്കോടതി


കൊച്ചി: കാലാവധികഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നതെങ്കില്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസാകണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് മുന്‍പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ചോദ്യംചെയ്ത് എറണാകുളം സ്വദേശി സെബാസ്റ്റ്യന്‍ ജേക്കബ് നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് എന്‍. നഗരേഷിന്റെ ഉത്തരവ്. ടെസ്റ്റ് നടത്തിയിട്ടില്ലെങ്കില്‍ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നിരസിക്കാമെന്നും കോടതി വ്യക്തമാക്കി.

2020 ഒക്ടോബര്‍ 30-ന് ഹര്‍ജിക്കാരന്റെ ലൈസന്‍സ് കാലാവധി കഴിഞ്ഞിരുന്നു. കോവിഡ് കാരണം യഥാസമയം പുതുക്കാനായില്ല. വിദേശത്തു നിന്ന് 2022 ജൂലായ് 15-ന് മടങ്ങിവന്ന ശേഷം ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കി. ജോയിന്റ് ആര്‍.ടി.ഒ. 2032 വരെ കാലാവധി നിശ്ചയിച്ച് ലൈസന്‍സ് പുതുക്കി നല്‍കി.

എന്നാല്‍, പിന്നീട് ലൈസന്‍സ് ലാമിനേറ്റഡ് സ്മാര്‍ട് കാര്‍ഡാക്കാന്‍ അപേക്ഷിച്ചപ്പോഴാണ് നിയമപ്രശ്നം ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ, ഡ്രൈവിങ് ടെസ്റ്റ് നടത്താതെ പുതുക്കിനല്‍കിയ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ അപേക്ഷകന് അധികൃതര്‍ നോട്ടീസ് അയച്ചു. കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കുന്നതുസംബന്ധിച്ച സര്‍ക്കുലര്‍ പാലിച്ചില്ലെന്ന് കാണിച്ചായിരുന്നു നോട്ടീസ്. മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് പ്രകാരം കാലാവധി പൂര്‍ത്തിയാക്കി ഒരുവര്‍ഷം കഴിഞ്ഞതും അഞ്ചുവര്‍ഷം തികയാത്തതുമായ ലൈസന്‍സ് പുതുക്കാന്‍ ഡ്രൈവിങ് ടെസ്റ്റ് പാസാകേണ്ടെന്നും സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

മോട്ടോര്‍ വാഹന നിയമത്തില്‍ 2019-ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം കാലാവധികഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞ ലൈസന്‍സ് പുതുക്കാന്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസാകേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ അപാകമില്ലെന്നും കോടതി വിലയിരുത്തി.