മൊയ്തീനെ മരണം കവര്‍ന്നത് നാട്ടിലേക്ക് മടങ്ങാനിരിക്കെ; സലാലയില്‍ വെടിയേറ്റു മരിച്ച ചെറുവണ്ണൂര്‍ സ്വദേശിയുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നാട്


പേരാമ്പ്ര: സലാലയില്‍ വെടിയേറ്റു മരിച്ച നിട്ടംതറമ്മല്‍ മൊയ്തീന്റെ വിയോഗത്തിന്റെ ഞെട്ടല്‍ മാറാതെ ചെറുവണ്ണൂര്‍ പഞ്ചായത്തിലെ കറ മുക്ക് ഗ്രാമം. പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസസമാക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് എല്ലാവരെയും ദു:ഖത്തിവാഴ്ത്തി മൊയ്തീന്‍ മരിച്ചെന്ന വാര്‍ത്ത നാട്ടിലറിയുന്നത്. സലാലയിലുള്ള മൊയ്തീന്റെ സഹോദരന്‍ ബഷീറാണ് വിവരം ബന്ധുക്കളെ അറിയിച്ചത്.

സലായിലെ പള്ളിയിലാണ് മൊയ്തന്‍ വെടിയേറ്റ് മരിച്ചത്. സലാല സാദയിലെ ഖദീജ മസ്ജിദില്‍ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്കായി നമസ്‌കാരത്തിനായി പള്ളിയില്‍ എത്തിയതായിരുന്നു മൊയ്തീന്‍. പള്ളിയിലെത്തിയ സ്വദേശിയാണ് മൊയ്തീനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം വലിയൊരു തോക്കും കണ്ടെത്തി.

ഏറെക്കാലമായി വിദേശത്തുള്ള മൊയ്തീന്‍ സലാലയിലെ സാദയില്‍ സ്വന്തമായി കട നടത്തുകയാണ്. ഇന്നലെ കടതുറന്ന് പാലെല്ലാം വാങ്ങിയശേഷം പള്ളിയിലേക്ക് നിസ്താരത്തിനായി പോയതാണെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. പള്ളിയിലുണ്ടായിരുന്നു ഒരാള്‍ വാപ്പയെ വെടിവെക്കുകയായിരുന്നെന്ന വിവരമാണ് ലഭിച്ചിട്ടുള്ളതെന്ന് മകന്‍ നാസര്‍ പറഞ്ഞു. പള്ളിയിലെത്തിയ സ്വദേശിയാണ് വാപ്പ വെടിയേറ്റു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പള്ളിയിലുള്ളവരെ വിവരമറിയിക്കുകയായിരുന്നു. പ്രതിയെന്നു സംശയിക്കുന്ന ഒരാളെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.

ആറ് മാസം മുമ്പാണ് മൊയ്തീന്‍ നാട്ടിലെത്തി മടങ്ങിയത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മൊയ്തീനെ മരണ കവര്‍ന്നത്. പോലീസ് നടപടികള്‍ക്കുശേഷം മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് വിദേശകാര്യമന്ത്രി വി. മുരളീധരന് നിവേദനം നല്‍കി.

[bot1]