ജില്ലയിലെ മാല പിടിച്ചു പറി കേസ്; മോഷണം ദിവസം വീട്ടിലുണ്ടായിരുന്നെന്ന് തെളിയിക്കാൻ ദൃശ്യം സ്റ്റൈൽ പ്ലാൻ; ഒടുവിൽ നാൽപതിലധികം സിസിടിവി ദൃശ്യങ്ങളുൾപ്പെടെ അയ്യായിരം മെഗാബൈറ്റിലധികം ഡിജിറ്റൽ ഡാറ്റ പരിശോധിച്ച് ബേപ്പൂർ സ്വദേശി ഉൾപ്പെടെയുള്ള പ്രതികളെ പിടികൂടി പോലീസ്


കോഴിക്കോട്: പോലീസിനെ ചുറ്റിച്ച നഗരത്തിലെ മാല പിടിച്ചു പറി സംഘം പിടിയിൽ. തെളിവുകൾ വളച്ചൊടിക്കാൻ നീണ്ട പ്ലാനിങ്ങുകളുണ്ടായിരുന്നെങ്കിലും കൃത്യമായ അന്വേഷണത്തിലൂടെ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ബേപ്പൂർ നടുവട്ടം സ്വദേശിയായ സൽമാൻ ഫാരിസ് വട്ടക്കിണർ സ്വദേശിയായ മാൻ എന്നറിയപ്പെടുന്ന മൻഹ മുഹമ്മദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
എരഞ്ഞിപ്പാലത്തും ചെമ്മലത്തൂരും വെച്ചാണ് പ്രതികൾ ഭീഷണിപ്പെടുത്തി മാല പിടിച്ചു പറിച്ചത്.

ദൃശ്യം സ്റ്റൈൽ തെളിവ് കൃത്രിമത്വം കാണിക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. പോലീസിന്റെ ചോദ്യംചെയ്യൽ തരണം ചെയ്യുന്നതെങ്ങനെ എന്ന് മനസ്സിലാക്കുവാൻ ഇരുവരും 2013 ൽ ഇറങ്ങിയ ദൃശ്യം സിനിമ ആവർത്തിച്ച് കണ്ടു. സംഭവം നടന്ന ചൊവ്വാഴ്ച പ്രതി വീട്ടിലുണ്ടെന്ന് വരുത്തിത്തീർക്കാൻ ഞായറാഴ്ച രാത്രി സിനിമ കാണാൻ പോയത് തിങ്കളാഴ്ച രാത്രിയാണെന്നും അതിന്റെ ക്ഷീണം കൊണ്ട് ചൊവ്വാഴ്ച വീട്ടിൽ കിടന്നുറങ്ങുകയായിരുന്നുവെന്നുമാണ് സ്ഥാപിക്കാൻ ശ്രമിച്ചത്. അതിനായി അയൽവാസികളോടും കൂട്ടുകാരോടും തിങ്കളാഴ്ച രാത്രി സിനിമ കണ്ടെന്ന് പറഞ്ഞ് സിനിമാ വിശേഷങ്ങൾ പങ്കു വെച്ചു. ഇതുകൂടാതെ പൊലീസിനെ കബളിപ്പിക്കാൻ ഇരുവരും വസ്ത്രം പരസ്പരം മാറിയാണ് ധരിച്ചിരുന്നത്.

മാല മോഷണത്തിനായി കറങ്ങുന്നതിനിടയിൽ വിളിച്ചവരോടൊക്കെ താൻ വീട്ടിലാണെന്നാണ് ഇരുവരും പറഞ്ഞത്. തലേന്ന് സിനിമ കാണാൻ പോയതിനാൽ ക്ഷീണമാണെന്നും അതുകൊണ്ട് ഇങ്ങോട്ടും ഇന്ന് പോകുന്നില്ല എന്ന് ബാക്കിയുള്ളവരെ ബോധിപ്പിക്കാനും ഇവർ മറന്നില്ല. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറിൽ ഇവർ കൃത്രിമം കാണിച്ചിരുന്നു. സൈഡ് വ്യൂ മിററും അഴിച്ചു മാറ്റപ്പെട്ട നിലയിലായിരുന്നു. ഈകാരണങ്ങൾ തന്നെ ഒരിക്കലും പിടിക്കപെടില്ലെന്നുള്ള വിശ്വാസമായിരുന്നു പ്രതികൾക്ക്. ഒടുവിൽ പോലീസിന്റെ ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ പിടിച്ചുപറിക്കാർ കുറ്റസമ്മതം നടത്തുകയായിരുന്നു.

നാൽപതിലധികം സിസിടിവി ദൃശ്യങ്ങളുൾപ്പെടെ അയ്യായിരം മെഗാബൈറ്റിലധികം ഡിജിറ്റൽ ഡാറ്റയാണ് അന്വേഷണത്തിൻ്റെ ഭാഗമായി സിറ്റി ക്രൈം സ്ക്വാഡ് പരിശോധിച്ചത്. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും പന്തീരാങ്കാവ് ഇൻസ്പെക്ടർ ബൈജു കെ ജോസും നടക്കാവ് സബ് ഇൻസ്പെക്ടർ എസ് ബി.കൈലാസ് നാഥും സംയുക്തമായിട്ടായിരുന്നു അന്വേഷണം.

അന്വേഷണത്തിന്റെ ഭാഗമായി ഞായറാഴ്ച കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് പോലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് സിനിമാക്കഥയെ വെല്ലുന്ന പിടിച്ചുപറിയുടെ രഹസ്യം ചുരുളഴിഞ്ഞത്. പണം സമ്പാദിച്ച് ലഹരി വ്യാപാരം നടത്തി പെട്ടെന്ന് പണക്കാരാകുക എന്നതായിരുന്നു ഇരുവരുടെയും ലക്ഷ്യം. ലഹരി വസ്തുക്കൾ വാങ്ങാനുള്ള പണത്തിനായാണ് സ്വർണ്ണ മാല പിടിച്ചു പറിക്കാമെന്നുള്ള പദ്ധതിയിലേക്ക് എത്തിയത്.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ. അക്ബർ ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസ് ൻ്റെ നേതൃത്വത്തിൽ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിൻ്റെ സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് പോലീസും ചേർന്ന് പിടികൂടിയത്. പ്രതികളെ നടക്കാവ് സബ് ഇൻസ്പെക്ടർ എസ് ബി കൈലാസ് നാഥ് അറസ്റ്റ് ചെയ്തു.

ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ പ്രശാന്ത്കുമാർ, സികെ.സുജിത്, ഷാഫി പറമ്പത്ത്, പന്തീരാങ്കാവ് എസ്ഐ എസ്പി മുരളീധരൻ, നടക്കാവ് എഎസ്ഐ പികെ ശശികുമാർ, സിപിഒ ബബിത്ത്, സൈബർ വിദഗ്ധൻ രാഹുൽ മാത്തോട്ടത്തിൽ, കെ. ജിതിൻ എന്നിവരടങ്ങിയ സംഘത്തിന്റെ വിശദമായ അന്വേഷണമാണ് പ്രതികളെ പിടികൂടിയത്.

[bot1]