കീഴൂര്‍ ശിവക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്; ആറാട്ടുത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന്


പയ്യോളി: കീഴൂര്‍ ശിവക്ഷേത്രത്തിലെ ആറാട്ടുത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന്. പത്തുമണിക്ക് കലാമണ്ഡലം കിള്ളിമംഗലം സുരേഷ് കാളിയത്തിന്റെ ഓട്ടന്‍തുള്ളന്‍, പ്രസാദസദ്യ, നാലുമണിക്ക് നീലക്കളിവര്, തിരുവായുധംവരവ്, 4.30ന് കാഴ്ചശീവേലി, 6.30ന് തിരുവങ്ങൂര്‍ പാര്‍ഥസാരഥി ഭജന്‍ മണ്ഡലിയുടെ ഭക്തിഗാനസുധ, എട്ടുമണിക്ക് പള്ളിവേട്ടയ്ക്ക് എഴുന്നള്ളിപ്പ് തുടര്‍ന്ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും.

ഉത്സവത്തിന്റെ ഭാഗമായി കീഴൂര്‍ ടൗണിലുള്ള പൂവെടിത്തറ ദീപങ്ങളാല്‍ അലങ്കരിച്ചു. പടിഞ്ഞാറുഭാഗത്തെ പതിനഞ്ച് കോണിപ്പടികള്‍ കയറിയാണ് പൂവെടിത്തറയ്ക്ക് മുകളിലെത്തുക.

ആറാട്ടിന്റെ സമാപനദിവസമായ പതിനാറിന് കീഴൂര്‍ മഹാദേവന്‍ ഈ തറയ്ക്കുമുകളിലിരുന്ന് ഭക്തരെ അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. വലിയ തോതിലുള്ള ഭക്തജനങ്ങളുടെ ഒഴുക്കാണ് കഴിഞ്ഞദിവസങ്ങളില്‍ ക്ഷേത്രത്തില്‍ കണ്ടത്. കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴ ഉത്സവാഘോഷങ്ങളുടെ നിറംകെടുത്തിയെങ്കിലും ഭക്തജനത്തിരക്കില്‍ കാര്യമായ കുറവുണ്ടായിട്ടില്ല.