പക്ഷാഘാതം വന്ന് തളര്‍ച്ച അനുഭവപ്പെട്ടപ്പോഴും ബസ് സുരക്ഷിതമായി നിര്‍ത്തി 49 ജീവന്‍ രക്ഷിച്ച യുവാവ്; താമരശ്ശേരി സ്വദേശിയായ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി


താമരശ്ശേരി: യാത്രയ്ക്കിടെ പക്ഷാഘാതംവന്ന് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നിട്ടും മനോധൈര്യം കൈവിടാതെ കെ.എസ്.ആര്‍.ടി.സി. ബസ് സുരക്ഷിതമായിനിര്‍ത്തി 48 യാത്രികരുടെയും കണ്ടക്ടറുടെയും ജീവന് സുരക്ഷ ഉറപ്പാക്കിയ ഡ്രൈവര്‍ വിടപറഞ്ഞു. താമരശ്ശേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ഡ്രൈവര്‍ താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ടക്കുന്നുമ്മല്‍ സി.കെ. സിഗീഷ് കുമാര്‍ (48) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ നവംബര്‍ 20ന് കുന്നംകുളത്തുവെച്ച് ഡ്രൈവിങ് സീറ്റില്‍ കുഴഞ്ഞുവീണ് തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. അണുബാധയെത്തുടര്‍ന്ന് ആരോഗ്യനില വഷളായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട സിഗീഷ് കുമാര്‍ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്.

ബജറ്റ് ടൂറിസം പദ്ധതിപ്രകാരം നവംബര്‍ 20ന് പുലര്‍ച്ചെ നാലുമണിയോടെ താമരശ്ശേരിയില്‍നിന്ന് മലക്കപ്പാറയിലേക്ക് വിനോദയാത്രപോയ കെ.എസ്.ആര്‍.ടി.സി. ബസ്സുകളിലൊന്നിന്റെ ഡ്രൈവറായിരുന്നു സിഗീഷ്. കോഴിക്കോട് ഫറോക്കിലുള്ള ഒരു ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു ഡിപ്പോയിലെ രണ്ടു ബസുകളിലായി തൊണ്ണൂറോളംപേര്‍ അന്ന് വിനോദയാത്രപോയത്.

48 യാത്രക്കാരുമായിപ്പോയ ബസ് ഓടിക്കുന്നതിനിടെ കുന്നംകുളത്തുവെച്ച് സിഗീഷിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും ബസ് റോഡരികിലേക്ക് ഒതുക്കിനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. തൊട്ടുപിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. അപ്പോള്‍ മാത്രമാണ് ഡ്രൈവര്‍ക്ക് പക്ഷാഘാതം സംഭവിച്ച വിവരം യാത്രക്കാരും കണ്ടക്ടറും അറിഞ്ഞത്. ഉടനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

പരേതനായ ശ്രീധരന്റെയും മാളുവിന്റെയും മകനാണ് സിഗീഷ് കുമാര്‍. ഭാര്യ: സ്മിത. മകള്‍: സാനിയ. സഹോദരി: പ്രിജി.

വീട്ടിലും താമരശ്ശേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലും പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം ഒട്ടേറെപ്പേരാണ് എത്തിച്ചേര്‍ന്നത്. പിന്നീട് പുതുപ്പാടി പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.