പാലക്കാട് വീണ്ടും അരുംകൊല; മലമ്പുഴയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു


പാലക്കാട്: സ്വാതന്ത്ര്യദിനത്തലേന്ന് പാലക്കാടിനെ നടുക്കി വീണ്ടും കൊലപാതകം. മലമ്പുഴയില്‍ സി.പി.എം പ്രാദേശിക നേതാവ് കൊട്ടേക്കാട് കുന്നംക്കോട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാന്‍. നാല്‍പ്പത് വയസായിരുന്നു.

ഞായറാഴ്ച രാത്രി ഒമ്പതേ കാലോടെയാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേരാണ് വീടിനടുത്ത് വച്ച് ഷാജഹാനെ ആക്രമിച്ച് കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക വിവരം.

വെട്ടേറ്റ ഷാജഹാനെ ഗുരുതരമായ പരിക്കോടെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊലയ്ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്തെ കഞ്ചാവ് മാഫിയയ്ക്കെതിരെ ശക്തമായ പ്രവർത്തനം നടത്തിയിരുന്ന വ്യക്തിയാണ് ഷാജഹാൻ.