‘മറ്റുള്ളവരുടെ കൊടിമരത്തിന് ചുവപ്പ് പെയിന്റടിച്ച് കൊടിയിറക്കുന്നതിനോട് സി.പി.എമ്മിന് യോജിപ്പില്ല’; മുത്താമ്പിയില്‍ പാർട്ടി നേതാക്കൾ ഇടപെട്ട് സി.പി.എം കൊടി അഴിച്ചുമാറ്റിയിരുന്നെന്ന് ഏരിയ സെക്രട്ടറി ടി.കെ. ചന്ദ്രൻ



കൊയിലാണ്ടി: മുത്താമ്പിയില്‍ സി.പി.എം പ്രതിഷേധ പരിപാടിക്കിടെ കോണ്‍ഗ്രസ് കൊടിമരത്തില്‍ ചുവപ്പ് പെയിന്റ് അടിച്ച് സി.പി.എം പതാക ഉയര്‍ത്തിയ സംഭവത്തോട് യോജിക്കാനാവില്ലെന്ന് സി.പി.എം കൊയിലാണ്ടി ഏരിയ സെക്രട്ടറി ടി.കെ.ചന്ദ്രന്‍. ആഴാവിൽതാഴെ സി.പി.എമ്മിന്റെ കൊടിമരം തകര്‍ത്തതിലുള്ള പ്രതിഷേധമായിട്ടാണ് അവിടുത്തെ നാട്ടുകാര്‍ അത് ചെയ്തത്. അങ്ങനെയാണെങ്കില്‍ കൂടി ഇത്തരത്തിലുള്ള പ്രതിഷേധത്തെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.


‘മറ്റുള്ളവരുടെ കൊടിമരത്തിന് ചുവപ്പ് പെയിന്റടിച്ച് കൊടിയിറക്കുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ല. ഇന്നലത്തെ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. രാവിലെയാണ് കാര്യങ്ങള്‍ അറിഞ്ഞത്. ഉടനെ കൊടി അഴിച്ചുമാറ്റാന്‍ പ്രാദേശിക നേതൃത്വത്തിന് നിര്‍ദേശം കൊടുക്കുകയും പാര്‍ട്ടി നേതാക്കൾ തന്നെ കൊടി അഴിച്ചുമാറ്റുകയും ചെയ്തു.’ അദ്ദേഹംപറഞ്ഞു.

ഇത് ചെയ്തത് ആരാണെന്ന് അറിയില്ല. എല്ലാവരെയും മാനിക്കുകയും ബഹുമാനിക്കുകയും ജനാധിപത്യപരമായി സംരക്ഷിക്കാന്‍വേണ്ടി മുതിരുകയും ചെയ്യുന്ന പാര്‍ട്ടിക്ക് ഇതിനോട് യോജിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി നിർദേശത്തെ തുടർന്ന് ഇന്ന് രാവിലെ സി.പി.എം നടേരി ലോക്കൽ കമ്മറ്റി അംഗവും നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി അംഗവുമായ ഇന്ദിര ടീച്ചർ, ലോക്കൽ കമ്മറ്റി അംഗം രമേശൻ എന്നിവരുടെ നേതൃത്വത്തിൽ ചുവപ്പടിച്ച കൊടിമരത്തിൽ നിന്ന് പാർട്ടി പതാക അഴിച്ച് മാറ്റിയിരുന്നു.

അതിനെ തുടർന്ന് ഇതേ കൊടിമരത്തില്‍ ഇന്ന് കോണ്‍ഗ്രസ് പതാക പുനസ്ഥാപിക്കുമെന്ന് പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. വൈകുന്നേരം കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് പതാക ഉയര്‍ത്തും.

ഇന്നലെ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് കോണ്‍ഗ്രസ് കൊടിമരത്തില്‍ ചുവപ്പ് പെയ്ന്റ് അടിച്ച് സി.പി.എം പതാക ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം ഈ കൊടിമരത്തില്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തോടെയാണ് മുത്താമ്പിയില്‍ സംഘര്‍ഷം ആരംഭിക്കുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ച് മുദ്രാവാക്യം വിളികളുമായി കരിയോയില്‍ തുടച്ച് കൊടിമരം വൃത്തിയാക്കുന്നതിനിടയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സംഘടിച്ചെത്തിയത് സംഘര്‍ഷത്തിന് വഴിവെച്ചു. നാലോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.

പതിനാലാം തീയ്യതി വൈകിട്ടായിരുന്നു സംഭവം. സംഘര്‍ഷത്തെ തുടര്‍ന്ന് മുത്താമ്പി- വൈദ്യരങ്ങാടി മേഖലയില്‍ ജൂണ്‍ 15ന് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനിടയിലും സംഘര്‍ഷമുണ്ടായി. പ്രകടനത്തിനിടയില്‍ സി.പി.എം കൊടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സി.പി.എം ലോക്കല്‍ സെക്രട്ടറി ആര്‍.കെ.അനില്‍കുമാര്‍, നഗരസഭ കൗണ്‍സിലര്‍ ആര്‍.കെ കുമാരന്‍, ലോക്കല്‍ കമ്മറ്റി അംഗം രമേശന്‍ എന്നിവര്‍ എത്തിയതോടെ വീണ്ടും സംഘര്‍ഷം ഉടലെടുത്തു. ലോക്കല്‍ സെക്രട്ടറിയെയും കൗണ്‍സിലറെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി സി.പി.എം ആരോപിച്ചു.