വെളിയണ്ണൂര്‍ ചല്ലിയില്‍ നെല്‍കൃഷി വികസന പദ്ധതിയ്ക്കായുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു; പുഴയിലെ ചെളിയും പായലും നീക്കം ചെയ്യലും ട്രാക്ടര്‍വേ നിര്‍മ്മാണവും ദ്രുതഗതിയില്‍


കൊയിലാണ്ടി: നടേരി വെളിയണ്ണൂര്‍ ചല്ലിയില്‍ നെല്‍ക്കൃഷി വികസന പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. നായാടന്‍പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. പുഴയുടെ ഇരുകരകളും കെട്ടി സംരക്ഷിക്കുകയും പുഴയിലെ ചളിയും പായലും നീക്കംചെയ്യുകയുമാണ് ചെയ്യുന്നത്. പുഴയുടെ പുനരുജ്ജീവനമാണ് പ്രധാന പദ്ധതി.

കൊയിലാണ്ടി നഗരസഭയെയും കീഴരിയൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തടോളിത്താഴ കള്‍വെര്‍ട്ടിന്റെ പണി പുരോഗമിക്കുകയാണ്. തെക്കന്‍ ചല്ലി, ഒറവിങ്കല്‍ താഴ, വടക്കന്‍ ചല്ലി, ഒറ്റക്കണ്ടം ഖാദി, ഒല്ലാച്ചേരിത്താഴ എന്നിവിടങ്ങളില്‍ ട്രാക്ടര്‍ വേ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. വിവിധ സ്ഥലങ്ങളില്‍നിന്ന് പാടശേഖരത്തിലേക്ക് വാഹനത്തില്‍ സഞ്ചരിക്കാന്‍ ഇതുകൊണ്ട് കഴിയും. പായലും കുറ്റിച്ചെടികളും നിറഞ്ഞു കിടക്കുന്ന വെളിയണ്ണൂര്‍ ചല്ലിയുടെ വിവിധ ഭാഗങ്ങളിലേക്ക് കര്‍ഷകര്‍ക്കും കൃഷി ഉദ്യോഗസ്ഥര്‍ക്കും കടന്നുചെല്ലാന്‍ ട്രാക്ടര്‍വേകള്‍ സഹായിക്കും. പാടശേഖരം കാണാനെത്തുന്നവര്‍ക്കും ഇത് വലിയ സഹായകമാകും.

ഈ വര്‍ഷം മാര്‍ച്ചിലാണ് നിര്‍മ്മാണ പ്രവൃത്തി തുടങ്ങിയത്. വികസന പദ്ധതിക്കായി അനുവദിച്ച 20.7 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികളാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. 16.2 കോടിരൂപ സിവില്‍ പ്രവൃത്തികള്‍ക്കും, 1.6 കോടി ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ പ്രവൃത്തികള്‍ക്കുമാണ് വിനിയോഗിക്കുക. ബാക്കി 2.9 കോടി രൂപ ജി.എസ്.ടി, നികുതി എന്നിവ അടയ്ക്കാനായി നല്‍കും. ഇതില്‍ സിവില്‍ പ്രവൃത്തികളാണ് ടെന്‍ഡര്‍ ചെയ്തു പ്രവൃത്തി നടത്തിക്കൊണ്ടിരിക്കുന്നത്.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി കരാറെടുത്തത്. മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ രണ്ടിടങ്ങളില്‍ പമ്പ് ഹൗസിന്റെ പണി പൂര്‍ത്തിയായ ശേഷം ടെന്‍ഡര്‍ ചെയ്യും. പുതിയ ട്രാന്‍സ്ഫോര്‍മാര്‍, ത്രീഫെയ്സ് ലൈന്‍ വലിക്കല്‍, പമ്പ് ഹൗസില്‍ മോട്ടോര്‍ സ്ഥാപിക്കല്‍ എന്നിവയാണ് ഈ ഘട്ടത്തില്‍ ചെയ്യുക. പമ്പ് ഹൗസിന്റെ പണി പൂര്‍ത്തിയാക്കുന്നതിന് മഴ തടസ്സം നില്‍ക്കുകയാണ്.

ആദ്യഘട്ടത്തില്‍ പശ്ചാത്തല സൗകര്യമൊരുക്കാനും രണ്ടാം ഘട്ടത്തില്‍ ഇവിടെ ഫാം ടൂറിസം പദ്ധതി നടപ്പിലാക്കാനുമാണ് ലക്ഷ്യമിടുന്നത്. 279.78 ഹെക്ടര്‍ പാടശേഖരമാണ് വെളിയണ്ണൂര്‍ ചല്ലിയിലുള്ളത്. ഇതില്‍ 70 ശതമാനം നെല്‍ക്കൃഷി ചെയ്യാന്‍ കഴിയുന്നതാണ്. ബാക്കിയിടങ്ങളില്‍ ഫാം ടൂറിസംപദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. വെളിയണ്ണൂര്‍ ചല്ലിയുടെ ഏകദേശം മധ്യത്തിലൂടെ ഒറവിങ്കല്‍ താഴ മുതല്‍ ചെറോല്‍ താഴവരെ നടുത്തോട് നിര്‍മിക്കുന്നതാണ് ഏറ്റവും വലിയൊരു പ്രവൃത്തി. തോടിന്റെ ഇരുവശത്തുമാണ് ട്രാക്ടര്‍ റോഡുകള്‍ നിര്‍മിക്കുന്നത്. തോടുകള്‍ കരിങ്കല്ലുകൊണ്ട് അരികുകള്‍ കെട്ടി സംരക്ഷിക്കുന്നുമുണ്ട്.

മൂഴിക്കല്‍ പമ്പ് ഹൗസിലേക്കുള്ള പാത നിര്‍മാണവും നടക്കുന്നുണ്ട്. പമ്പ് ഹൗസ് നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് മഴയെത്തുടര്‍ന്നുണ്ടായ വെള്ളം ഒഴുകിപ്പോകാത്തത് പ്രവൃത്തിക്ക് തടസ്സമായിട്ടുണ്ട്.

20 കോടിരൂപയുടെ പദ്ധതി പൂര്‍ത്തിയാക്കിയാല്‍ രണ്ടാംഘട്ട വികസന പദ്ധതിക്ക് മറ്റൊരു പ്രോജക്ട് കൂടി തയ്യാറാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫാം ടൂറിസംപദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി വിപുലമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. മൈനര്‍ ഇറിഗേഷന്‍ വകുപ്പാണ് വെളിയണ്ണൂര്‍ ചല്ലി വികസനപദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.