തീരദേശ ഹൈവേ നിർമ്മാണത്തിന് കൊയിലാണ്ടിയിൽ വേഗത കൂടും; ഭൂമി ഏറ്റെടുക്കലിന് നടപടി തുടങ്ങി, നഷ്ട പരിഹാരം, പ്രവർത്തന പുരോഗതി – അറിയാം വിശദമായി



കൊയിലാണ്ടി:
തീരദേശ ഹൈവേയുടെ നിര്‍മ്മാണത്തിനുള്ള നടപടിക്രമങ്ങള്‍ കൊയിലാണ്ടി മണ്ഡലത്തില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കോരപ്പുഴ മുതല്‍ കൊളാവിപ്പാലംവരെ 38 കിലോമീറ്റര്‍ ദൂരത്തിലാണ് കൊയിലാണ്ടി മണ്ഡലത്തിലൂടെ തീരദേശ ഹൈവേ കടന്നുപോകുന്നത്.

മൂന്ന് റീച്ചുകളായാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നത്. കോരപ്പുഴ മുതല്‍ കൊയിലാണ്ടി ഹാര്‍ബറിന്റെ തെക്കുഭാഗം, കൊയിലാണ്ടി മുതല്‍ മുത്തായം വരെയുള്ള ഭാഗം, മുത്തായം മുതല്‍ വടകര സാന്റ് ബാങ്ക് വരെയുള്ള ഭാഗം എന്നിങ്ങനെയാണിത്. ഇതില്‍ മുത്തായം മുതല്‍ സാന്റ് ബാങ്ക്‌സ് വരെയുള്ള ഭാഗത്തില്‍ കുറച്ചുദൂരം വടകര മണ്ഡലത്തില്‍പ്പെടുന്നതാണ്.

മുത്തായം മുതല്‍ സാന്റ് ബാങ്ക്‌സ് വരെയുള്ള റീച്ചില്‍ കൊളാവിപ്പാലവും വടകര താലൂക്കിലെ ബാങ്ക്‌സും തമ്മില്‍ ബന്ധിപ്പിക്കുന്ന കുഞ്ഞാലിമരയ്ക്കാര്‍ പാലം ഉള്‍പ്പെടുന്നത്. ഈ റീച്ചിന്റെ കല്ലിടല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. ഭൂമിയേറ്റെടുക്കലും കഴിഞ്ഞു, നഷ്ടപരിഹാര തുക വിതരണത്തിലേക്ക് എത്തി നില്‍ക്കുകയാണ്. തുക വിതരണം പൂര്‍ത്തിയായാല്‍ ജനുവരിയോടെ പ്രവൃത്തി തുടങ്ങാനാകുമെന്നാണ് കരുതുന്നത്. കുഞ്ഞാലിമരയ്ക്കാര്‍ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ജനുവരിയില്‍ നടത്താനാണ് ആലോചിക്കുന്നത്.

കോരപ്പുഴ ഹാര്‍ബര്‍ റീച്ചില്‍ കാപ്പാട് പൊലീസ് എയ്ഡ് പോസ്റ്റ് മുതല്‍ കൊയിലാണ്ടി ഹാര്‍ബര്‍ വരെയുള്ള ഭാഗം കുറ്റിയടിച്ചെങ്കിലും കല്ലിടല്‍ പൂര്‍ത്തീകരിക്കാനുണ്ട്. കാപ്പാട് ഭാഗങ്ങളില്‍ പ്രാദേശികമായ ചില എതിര്‍പ്പ് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടെ കല്ലിടല്‍ നിര്‍ത്തിവെച്ചത്. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മറ്റ് ഭാഗത്ത് കല്ലിടല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതാണ്.

കൊയിലാണ്ടി മുത്തായം വരെയുള്ള റീച്ചിലാണ് പാറപ്പള്ളി, ഉരുപുണ്യകാവ് തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വരുന്നത്. പാറപ്പള്ളി ഭാഗങ്ങളില്‍ ആദ്യസമയത്ത് സര്‍വ്വേ നടപടികള്‍ തടയപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നം പരിഹരിച്ചു സര്‍വ്വേ നടത്തി അലൈമെന്റ് ഫിക്‌സ് ചെയ്തിട്ടുണ്ട്. അലൈന്‍മെന്റ് അടുത്ത ദിവസം തന്നെ അപ്രൂവല്‍ ആകും. അലൈന്‍മെന്റ് അപ്രൂവല്‍ ആയാല്‍ ഉടന്‍ തന്നെ ഈ മേഖലയില്‍ വാര്‍ഡ് തലത്തില്‍ പ്രദേശവാസികളുടെ യോഗം വിളിച്ചുചേര്‍ക്കുകയും അവരുടെ ആശങ്കകള്‍ പരിഹരിക്കുകയും ചെയ്യും അലൈന്‍മെന്റ് അപ്രൂവല്‍ ആയാലുടന്‍ കല്ലിടല്‍ നടപടികള്‍ തുടങ്ങും.

എത്ര സ്ഥലം ഏറ്റെടുക്കും?

15.6 കിലോമീറ്റര്‍ സ്ഥലമാണ് തീരദേശ റോഡിനുവേണ്ടി ഏറ്റെടുക്കുന്നത്. സീവോളില്‍ നിന്ന് ഇത്രദൂരം വിട്ട് എന്ന് കൃത്യമായി പറയാനാവില്ല. പ്രാദേശികമായ ഭൂപ്രകൃതി കൂടി കണക്കിലെടുത്ത് വളവുകള്‍ പരിമിതപ്പെടുത്തി റോഡിന് അനുകൂലമായ രീതിയിലാണ് സ്ഥലമേറ്റെടുക്കുന്നത്.

ഏറ്റെടുക്കുന്ന 15.6 കിലോമീറ്റര്‍ സ്ഥലത്തില്‍ ഒരു വശത്ത് ഒന്നര മീറ്റര്‍ വീതിയില്‍ സൈക്കില്‍ ട്രാക്ക്, രണ്ടുഭാഗത്തും ഫുട്‌ബോത്ത് ബാക്കിഭാഗം റോഡ് എന്നിങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത്.

നഷ്ടപരിഹാരം:

ഏറ്റെടുക്കുന്ന ഭൂമിയുടെ മൂല്യം കണക്കാക്കുന്നത്: സമാനമായ സ്വഭാവമുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത വില, സമാന സ്വഭാവമുള്ള മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ മൂന്ന് കൊല്ലത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളുടെ ഏറ്റവും ഉയര്‍ന്ന വില, സര്‍ക്കാര്‍ ഫെയര്‍ വാല്യു ഇത് മൂന്നിലും ഏതാണോ കൂടുതല്‍ എന്ന് നോക്കി ആ തുക.

ഏറ്റെടുക്കുന്ന ഭൂമിയിലെ നിര്‍മ്മിതികള്‍, ചുറ്റുമതില്‍ അടയ്ക്കമുള്ളവയ്ക്ക് പി.ഡബ്ല്യു.ഡി നിരക്കില്‍ മൂല്യം കണക്കാക്കും. മരങ്ങളുണ്ടെങ്കില്‍ അതിന്റെ തടിയുടെ മൂല്യം ഫോറസ്റ്റ് കണക്കാക്കും, കായ് കനികളുടെ മൂല്യം കൃഷി വകുപ്പ് കണക്കാക്കും, ഇതെല്ലാം കൂട്ടി അതിന്റെ ഇരട്ടി തുക നഷ്ടപരിഹാരമായി ഉടമസ്ഥന് നല്‍കും. ഏറ്റെടുക്കുന്ന സ്ഥലത്ത് കടകളുണ്ടെങ്കില്‍ കടയുടെ ഉടമയ്ക്ക് പുറമേ നടത്തുന്നയാള്‍ക്കും നഷ്ടപരിഹാരം നല്‍കും.

ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇവിടം വിട്ട് മറ്റെവിടെയെങ്കിലും വീട് വെച്ചു താമസിക്കാന്‍ താല്‍പര്യമില്ലയെന്ന് അറിയിക്കുന്ന ആളുകള്‍ക്ക് നഷ്ടപരിഹാരത്തിന് പുറമേ സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍ പണിയുള്ള ഫ്‌ളാറ്റുകളില്‍ ഒന്ന് നല്‍കും. ഇത്തരം ആളുകളെ പരിഗണിച്ച് അവര്‍ക്കുവേണ്ടി കൊയിലാണ്ടി മേഖലയില്‍ തന്നെ ഭൂമി കണ്ടെത്തി അവിടെ ഫ്‌ളാറ്റ് നിര്‍മ്മിക്കാനാണ് ആലോചിക്കുന്നത്. 580 സ്‌ക്വര്‍ഫീറ്റില്‍ പണിയുന്ന ഫ്‌ളാറ്റ് ആവശ്യമില്ല എന്ന് എഴുതി നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാര തുകയ്ക്ക് പുറമേ മൂന്നുലക്ഷം രൂപ കൂടി അധികമായി നല്‍കും.