പന്തലായനി ബ്ലോക്ക് കേരളോത്സവത്തില്‍ ഒന്നാമതെത്തി ചെങ്ങോട്ടുകാവ് പഞ്ചായത്ത്, തൊട്ടുപിന്നില്‍ ചേമഞ്ചേരി; അഭിമാന മുഹൂര്‍ത്തമെന്ന് ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ്


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് കേരളോത്സവത്തില്‍ ചാമ്പ്യന്മാരായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്. വിവിധ വിഭാഗങ്ങളിലായി ആകെ 225 പോയിന്റ് നേടിയാണ് ചെങ്ങോട്ടുകാവിന്റെ നേട്ടം. 217 പോയിന്റുമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്താണ് രണ്ടാം സ്ഥാനത്ത്.

ഇത് ഗ്രാമത്തിന്റെ അഭിമാന മുഹൂര്‍ത്തമാണെന്ന് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ പറഞ്ഞു. പഞ്ചായത്തിലെ പ്രതിഭാധനരായ കലാകാരന്മാരെയും കലാകാരികളെയും ചുണക്കുട്ടികളായ കായികതാരങ്ങളെയും കൂടെ നിന്ന ക്ലബ്ബുകളെയും അഭിനന്ദിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യുവശക്തി, യുവധാര ചേലിയ, എ.ബി.സി പൊയില്‍ക്കാവ്, എഫ്.സി പൊയില്‍ക്കാവ്, കനല്‍ മേലൂര്‍, ജ്വാല പൊയില്‍ക്കാവ്, ഗ്രാമദീപം ചേലിയ, സി.കെ.വി ചെങ്ങോട്ടുകാവ്, അരങ്ങാടത്ത് ബ്രദേഴ്‌സ്, ഇന്‍സ്പയര്‍ lX, Bzm മാടാക്കര, ബ്ലാക്ക് ഡ്രാഗന്‍സ് എന്നീ യുവജന ക്ലബ്ബുകളാണ് പഞ്ചായത്തിനെ വിജയത്തിലേക്ക് നയിച്ചത്.

നവംബര്‍ 28, 29 തിയ്യതികളില്‍ കൊയിലാണ്ടി സ്‌റ്റേഡിയത്തിലും മൂടാടി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തുകളിലുമായി ഗെയിംസും 30 ന് കായിക മത്സരങ്ങളും നടന്നു. സ്‌റ്റേജ് ഇതര മത്സരങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഡിസംബര്‍ ഒന്നിനായിരുന്നു. ഡിസംബര്‍ മൂന്നിന് ചേമഞ്ചേരി എഫ്.എഫ് ഹാളിലാണ് കലാമത്സരങ്ങളും സമാപന സമ്മേളനവും നടന്നത്.

187 പോയിന്റോടെ അത്തോളി പഞ്ചായത്താണ് കേരളോത്സവത്തില്‍ മൂന്നാം സ്ഥാനം നേടിയത്. മൂടാടി (179 പോയിന്റ്) അരിക്കുളം (122 പോയിന്റ്) എന്നീ പഞ്ചായത്തുകളാണ് യഥാക്രമം നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തും.