സംരംഭങ്ങൾക്ക് ധനസഹായം, പ്രവാസികൾക്ക് മുൻഗണന, വിശദമായി അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (06/12/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

അഡ്മിഷൻ ആരംഭിച്ചു

കോഴിക്കോട് കെൽട്രോണിന്റെ നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കുമായി കെൽട്രോൺ നോളജ് സെന്റർ, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് മൂന്നാം നില അംബേദ്കർ ബിൽഡിങ് ഓഫീസിൽ ബന്ധപെടുക. കൂടുതൽ വിവരങ്ങൾക്ക് : 0495 2301772, 9847925335.

തിയ്യതി മാറ്റി

നിലവിൽ സംരംഭം തുടങ്ങി 5 വർഷത്തിൽ താഴെ അല്ലെങ്കിൽ പ്രവർത്തന കാര്യക്ഷമത നേടുവാൻ കഴിയാത്ത സംരംഭകർക്കായി നടത്താനിരുന്ന ബിസിനസ്സ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം ഡിസംബർ 12 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്) അറിയിച്ചു. കീഡ് കളമശ്ശേരി ക്യാമ്പസിൽ ഡിസംബർ 12 മുതൽ 19 വരെ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ www.kied.info സന്ദർശിച്ച് ഡിസംബർ10 ന് മുൻപായി അപേക്ഷ സമർപ്പിക്കണം. ഏഴ് ദിവസത്തെ പരിശീലനത്തിനായ് സെർട്ടിഫിക്കേഷൻ , ഭക്ഷണം, താമസം GST ഉൾപ്പടെ 4,130/- രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് : 0484 2532890/2550322/7012376994.

പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

പുതിയ സംരംഭം തുടങ്ങാൻ താത്പര്യപ്പെടുന്ന സംരംഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (കെ ഐ ഇ ഡി), 20 ദിവസത്തെ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് പരിശീലനം ഓൺലൈനായി സംഘടിപ്പിക്കുന്നു. 2022 ഡിസംബർ 15 മുതൽ 2023 ജനുവരി 06 വരെ സൂം പ്ലാറ്റ്ഫോമിലാണ് പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 1180 രൂപ (ജി എസ് ടി ഉൾപ്പടെ) കോഴ്സ് ഫീ അടച്ച് വെബ്സൈറ്റായ www.kied.info മുഖേന ഡിസംബർ 13 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2550322, 2532890, 7012376994

ജീവതാളം പദ്ധതി: സർവ്വേ ആരംഭിച്ചു

ജീവിതശൈലി രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള ജീവതാളം പദ്ധതിയുടെ ഭാഗമായി സർവ്വേ പ്രവർത്തനങ്ങൾക്ക് വേളം പഞ്ചായത്തിലെ പതിനാലാം വാർഡിൽ  തുടക്കമായി.

ജീവിത ശൈലി രോഗങ്ങൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ജീവതാളം. ജീവിത ശൈലി രോഗങ്ങൾക്കെതിരെ പ്രവർത്തിക്കുക, ആരോഗ്യപരമായ ജീവിതത്തിലേക്കുള്ള സാമൂഹ്യ മാറ്റം, രോഗപ്രതിരോധം, രോഗ നിയന്ത്രണം, മുൻകരുതൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി  18 വയസ്സ് കഴിഞ്ഞവരുടെ ജീവിതശൈലിരോഗ പരിശോധനയും രോഗികളായവർക്ക് മരുന്ന് വിതരണവും തുടർചികിത്സയും ഉറപ്പുവരുത്തും. ജനപ്രതിനിധികൾ, വാർഡ് വികസന സമിതി അംഗങ്ങൾ, ആശാവർക്കർമാർ തുടങ്ങിയവർ സർവ്വേയിൽ പങ്കാളികളായി.

അറിയിപ്പ്

കോഴിക്കോട് ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (cat.no.92/2022,93/2022) (ഉപജീവനത്തിനുവേണ്ടി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തിൽപെട്ട പട്ടികവർഗ്ഗക്കാർക്കായുളള പ്രത്യേക നിയമനം) തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഡിസംബർ 12ന് ഗവ:കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ , ഈസ്റ്റ് ഹിൽ കോഴിക്കോട് കേന്ദ്രത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾ രാവിലെ 5 മണിക്ക് മുൻപായി പരീക്ഷ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 04952371971

ഇന്റർവ്യു നടത്തുന്നു

മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസിൽ കരാർ /ദിവസവേതന വ്യവസ്ഥയിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഡിസംബർ 10 ന് രാവിലെ 10.00 മണിക്ക് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. പ്രായപരിധി 35 വയസ്സ്. താല്പര്യമുള്ളവർ വയസ്സ് ,വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ 9.00 മണിക്ക് ഗാർഡൻ ഓഫിസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.mbgips.in , 0495243093

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്നതും 2022 മാർച്ച് 31 ന് ശേഷം ആരംഭിച്ചതും ബാങ്ക് വായ്പ ലഭ്യമാക്കി പ്രവർത്തിക്കുന്നതുമായ സംരംഭങ്ങൾക്ക് പ്രവാസി സംരംഭകർക്ക് മുൻഗണന നൽകിക്കൊണ്ട് ജില്ലാ പഞ്ചായത്ത് ധനസഹായം നൽകുന്നു. സംസ്ഥാന സർക്കാറിന്റെ ഒരു ലക്ഷം സംരംഭം എന്ന പദ്ധതി പ്രകാരമുളള ഇയർ ഓഫ് എന്റർപ്രൈസസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത സംരംഭങ്ങൾ ആയിരിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക എല്ലാ ഗ്രാമപഞ്ചായത്തുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ മാനേജർ, ജില്ലാ പഞ്ചായത്ത്, ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് 673011 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കണം. ഗ്രാമ പഞ്ചായത്തുകളിലെ വ്യവസായ വകുപ്പിന്റെ ഇന്റേണുമാരെ സമീപിക്കാവുന്നതുമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ഡിസംബർ 31 കൂടുതൽ വിവരങ്ങൾക്ക് 0495-2765770

എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്ക് ദുരന്ത മുന്നൊരുക്ക പരിശീലനം നല്‍കി

സന്നദ്ധ സേവന പ്രവര്‍ത്തകര്‍ക്കുള്ള ദുരന്ത മുന്നൊരുക്ക പരിശീലനത്തിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. ജില്ലാ പ്ലാനിങ് ഓഫീസില്‍ നടന്ന പരിപാടിയില്‍ 250 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.

പരിശീലന പരിപാടി സബ് കലക്ടര്‍ വി.ചെല്‍സാസിനി ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി കലക്ടര്‍ അനിത കുമാരി അധ്യക്ഷത വഹിച്ചു. ദുരന്തനിവാരണ മുന്നൊരുക്കം എന്ന വിഷയത്തില്‍ ഹസാര്‍ഡ് അനലിസ്റ്റ് അശ്വതി.പിയും ഫസ്റ്റ് എയ്ഡ് ആന്‍ഡ് ട്രോമ കെയര്‍ എന്ന വിഷയത്തില്‍ ഏഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ കെ.പി രാജേഷ് എന്നിവരും ക്ലാസുകളെടുത്തു. ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്ന വിഷയത്തില്‍ വെള്ളിമാട്കുന്ന് സ്റ്റേഷന്‍ ഓഫീസ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഒ.കെ അശോകന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി.

കോഴിക്കോട് ഡെപ്യുട്ടി തഹസില്‍ദാര്‍ ബാബുരാജ് സ്വാഗതവും ഹസാര്‍ഡ് അനലിസ്റ്റ് അശ്വതി.പി നന്ദിയും പറഞ്ഞു. എന്‍.എസ്.എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ എസ്.ഗീത നായര്‍, സന്തോഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പുറമേരി ഗ്രാമ പഞ്ചായത്ത് 2022/23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ് സി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. വിജയന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. രവി കൂടത്താംകണ്ടി,എന്‍.ടി. രാജേഷ്, ബാബു കെ.കെ. എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സി.കെ. മീന സ്വാഗതവും പ്രമോട്ടര്‍ രമ്യ നന്ദിയും പറഞ്ഞു. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള അപേക്ഷകരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.

ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം (ഡി.സി.ഐ.പി): ഡിസംബർ 10 വരെ അപേക്ഷകൾ സമർപ്പിക്കാം

ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് 2022 ഡിസംബർ – 2023 ഏപ്രിൽ കാലയളവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ്‌ അടിസ്ഥാന യോഗ്യത.

താത്പര്യമുള്ളവർ www.dcipkkd.in/apply/ എന്ന വെബ്സൈറ്റിൽ നൽകിയ ഫോറം പൂരിപ്പിച്ച് ഡിസംബർ 10 നകം അപേക്ഷ സമർപ്പിക്കണം. വെബ്സൈറ്റ് സന്ദർശിക്കുന്നതിന് ഇതോടൊപ്പമുള്ള ക്യു.ആർ. കോഡ് സ്കാൻ ചെയ്യുക.

നാല്‌ മാസമാണ്‌ ഇന്റേൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പ്ന്റ് ഉണ്ടായിരിക്കില്ല. അപേക്ഷകളിൽ നിന്ന് പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദ വിവരങ്ങൾക്ക് 9847764000 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

മേപ്പയ്യൂരില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ് സഹായ ഉപകരണങ്ങള്‍ വാങ്ങിയത്. ആ​ദ്യ ഘട്ടത്തിൽ രണ്ട് ലക്ഷം രൂപ ചെലവഴിച്ച് വീൽചെയർ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് നൽകിയത്. പഞ്ചായത്തിലെ പതിനൊന്ന് ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങള്‍ കെെമാറി.

ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ​ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ വി.പി.രമ, വി.സുനില്‍, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, അസി.സെക്രട്ടറി എം.ഗംഗാധരന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.ലീന എന്നിവര്‍ സംസാരിച്ചു.

വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു

പതിനാലാം പഞ്ചവത്സരപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു. 2023-24 വര്‍ഷത്തെ കരട് പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ വിവിധ പദ്ധതികള്‍ സംബന്ധിച്ച കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. പുതിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, പഞ്ചായത്ത് സെക്രട്ടറി ഇന്ദു, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം സംബന്ധിച്ച് ഡിഡിപി ജൂനിയര്‍ സൂപ്രണ്ട് കെ.എം പ്രകാശന്‍ സംസാരിച്ചു.

മദ്യം -മയക്കുമരുന്ന്: കൺട്രോൾ റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളും സജ്ജം; പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം

ക്രിസ്തുമസ്-പുതുവർഷത്തോടനുബന്ധിച്ച് മദ്യം -മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗത്തിന് തടയിടാൻ
കൺട്രോൾ റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളും സജ്ജം. മദ്യം -മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കൂടുതലായി ഉണ്ടാവാൻ സാധ്യത ഉളളതിനാൽ വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും, വിപണനവും ഫലപ്രദമായി തടയുന്നതിനായാണ് കൺട്രോൾ റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളും പ്രവർത്തിച്ചുവരുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുകയും പരാതികളിൽ സത്വരനടപടികൾ കൈക്കൊള്ളുന്നതിനുമായി 24 മണിക്കൂറും ഇവ പ്രവർത്തിക്കുന്നുണ്ട്.

കൺട്രോൾ റൂമുകളിലും എക്സൈസ് ഓഫീസുകളിലും, ഓഫീസ് മേധാവികളുടെ മൊബൈൽ നമ്പറിലും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാവുന്നതാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. വൻതോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികങ്ങൾ നൽകും. വിവരങ്ങൾ അറിയിക്കേണ്ട ടോൾ ഫ്രീ നമ്പർ 155358.

ബന്ധപ്പെടേണ്ട നമ്പറുകൾ ഡിവിഷനൽ എക്സൈസ് കൺട്രോൾ റൂം 0495 2372927, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ 0495 2372927-9447178063, കോഴിക്കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ 0495 2375706- 9496002871, എക്സൈസ് സർക്കിൾ ഓഫീസ് കോഴിക്കോട് 0495 2376762 -9400069677, പേരാമ്പ്ര 0496 2610410-9400069679, വടകര 0496 2515082-9400069680, താമരശ്ശേരി 0495 2214460- 9446961496.

എക്സൈസ് റെയിഞ്ച് ഓഫീസ് ഫറോക്ക് 0495 2422200-9400069683, കോഴിക്കോട് 0495 2722991-9400069682, കുന്ദമംഗലം 0495 2802766-9400069684, താമരശ്ശേരി 0495 2224430- 9400069685, ചേളന്നൂർ 0495 2855888- 9400069686, കൊയിലാണ്ടി 0496 2624101-9400069687, ബാലുശ്ശേരി 0496 2650850- 9400069688, വടകര 0496 2516715- 9400069689, നാദാപുരം 0496 2556100- 9400069690. എക്സൈസ് ചെക്ക് പോസ്റ്റ് അഴിയൂർ 0496 2202788- 9400069692.

സായുധ സേനാ പതാകദിനം: പരിപാടികൾക്ക് നാളെ (ഡിസംബർ 7) തുടക്കമാകും

സായുധ സേനാ പതാകദിനത്തിൻ്റെ ഭാഗമായി സൈനിക ക്ഷേമ വകുപ്പ് ജില്ലയിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് നാളെ ( ഡിസംബർ 7) തുടക്കമാകും. ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രാവിലെ 9.30 ന് നടക്കുന്ന
സായുധസേനാ പതാക വിൽപനയുടെ ജില്ലാതല ഉദ്ഘാടനം മേയർ ഡോ: ബീന ഫിലിപ്പ് നിർവ്വഹിക്കും. ചടങ്ങിൽ ജില്ലാ കലക്ടർ ഡോ.എൻ തേജ് രോഹിത് റെഡ്ഢി അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ച് വിമുക്തഭടന്മാർക്കായി ബോധവൽക്കരണ സെമിനാറും സംഘടിപ്പിക്കും.

വിമുക്തഭടന്മാർക്കും സൈനികരുടെ വിധവകൾക്കും മക്കൾക്കും സാമ്പത്തിക സഹായം നൽകാനാണ് പതാകദിനത്തിൽ ഫണ്ട് ശേഖരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സായുധസേനാപതാക വിതരണം നടത്തുന്നത്. കാർഫ്ലാഗുകളുടെയും ടോക്കൺ ഫ്ലാഗുകളുടെയും വിൽപ്പനയിലൂടെയാണ് തുക കണ്ടെത്തുക. ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് മുഴുവനാളുകളും സഹകരിക്കണമെന്ന് ജില്ലാ സൈനിക വെൽഫെയർ ഓഫീസർ അഭ്യർത്ഥിച്ചു.

വയോജന ഗ്രാമസഭ നടത്തി

മരുതോങ്കര ഗ്രാമപഞ്ചായത്ത് 2023 -24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്ക് മാത്രമായി ഗ്രാമസഭ ചേര്‍ന്നു. മരുതോങ്കര സാംസ്കാരിക നിലയത്തിൽ ചേർന്ന ഗ്രാമസഭ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സജിത്ത് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ മുഴുവൻ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുത്ത വയോജനങ്ങള്‍ ഗ്രാമസഭയിൽ പങ്കെടുത്ത് അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്തു. ആശ്രയമില്ലാത്ത വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കി ചികിത്സ സൗകര്യങ്ങളും മറ്റും ഉറപ്പുവരുത്താൻ യോഗം തീരുമാനിച്ചു.

പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ, പഞ്ചായത്ത്‌ അംഗങ്ങൾ,ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ കേരളോത്സവത്തിന് നാളെ (ഡിസംബർ 7) തുടക്കമാവും

സംസ്ഥാന യുവജനക്ഷേമബോർഡും ജില്ലാപഞ്ചായത്തും സംയുക്തമായി നടത്തുന്ന ജില്ലാ കേരളോത്സവത്തിന് നാളെ (ഡിസംബർ 7) തുടക്കമാവും. ഡിസംബർ 12 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് കേരളത്സവം നടക്കുക. വിവിധ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, സ്പോർട്‌സ് കൗൺസിൽ, വിവിധ വകുപ്പുകൾ എന്നിവയുടെയും സഹകരണത്തോടെയാണ് ജില്ലാ കേരളോത്സവം സംഘടിപ്പിക്കുന്നത്.

ജില്ലയിലെ 12 ബ്ലോക്കുകൾ, ഏഴ് നഗരസഭകൾ, കോർപ്പറേഷൻ എന്നിവിടങ്ങളിൽനിന്നായി ആറായിരത്തോളം കലാ-കായിക താരങ്ങൾ പങ്കെടുക്കും. കലാ മത്സരങ്ങളിൽ 59 ഇനങ്ങളിലും കായികമത്സരങ്ങളിൽ അത്‌ലറ്റിക്സ്, ഗെയിംസ്, നീന്തൽ, കളരി, അമ്പെയ്ത്ത് എന്നീ ഇനങ്ങളിലും മത്സരമുണ്ട്. കായികമത്സരങ്ങൾ ഏഴിന് വൈകീട്ട് നാലിന് മാനാഞ്ചിറ സ്ക്വയറിൽ വോളിബോൾ താരം ടോം ജോസ് ഉദ്ഘാടനം ചെയ്യും.

ജീവതാളം വളണ്ടിയര്‍ പരിശിലനം സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ജീവതാളം പദ്ധതിയുടെ ഭാഗമായി അരിക്കുളം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു. അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതന്‍ മാസ്റ്റര്‍ പരിശിലനം ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.വി. നിജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജീവതാളം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.നീതു ജോണ്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ജോസ് എ.ജെ, മേലടി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിനോയ് ജോണ്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ മുജീബ് റഹ്മാന്‍ ക്ലസ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്വപ്‌ന സി സ്വാഗതവും പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ബീന ജോസഫ് നന്ദിയും പറഞ്ഞു. വിവിധതരം ഭക്ഷണ പദാർത്ഥങ്ങൾ അടങ്ങിയ ജീവതാളം ഫുഡ് പ്ലേറ്റ് വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രജനിക്ക് നല്‍കിക്കൊണ്ട് എ.എം സുഗതന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.