തെളിവായി ഇൻസ്റ്റ​ഗ്രാം സന്ദേശങ്ങൾ, സിസിടിവി ദൃശ്യങ്ങൾ; താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊലക്കേസിൽ കുറ്റപത്രം അടുത്തമാസം സമർപ്പിക്കും


Advertisement

താമരശ്ശേരി: വിദ്യാർഥി സംഘർഷത്തിനിടെ മർദനമേറ്റ് മരിച്ച താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർഥി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ മേയ് അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണസംഘം. സംഭവം 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ കുറ്റാരോപിതർക്ക് സ്വാഭാവിക ജാമ്യം ലഭിക്കും അതിനാൽ മേയ് 29-ന് മുൻപ് തന്നെ കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളിലാണ് താമരശ്ശേരി പോലീസ്.

Advertisement

ഫെബ്രുവരി 27-നാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടന്നത്. സംഘർഷത്തിൽ പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് ഒന്നിന് പുലർച്ചെയായിരുന്നു മുഹമ്മദ് ഷഹബാസ് മരിച്ചത്. എളേറ്റിൽ എംജെ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥ്ഥിയായിരുന്നു ഷഹബാസ്. ട്യൂഷൻ സെന്ററിലുണ്ടായ യാത്രയയപ്പുചടങ്ങിലെ പ്രശ്നങ്ങൾക്കൊടുവിൽ സാമൂഹികമാധ്യമങ്ങളിലൂടെ പോർവിളിയുയർത്തി നടത്തിയ സംഘർഷത്തിനിടെ, മുഹമ്മദ് ഷഹബാസിനെ ഒരുസംഘം വിദ്യാർഥികൾ ആസൂത്രിതമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ആറ് എസ്എസ്എൽസി വിദ്യാർഥികളാണ് കുറ്റാരോപിതരായി ജുവനൈൽ ഹോമിൽ കഴിയുന്നത്.

Advertisement

അക്രമ ദൃശ്യങ്ങളടങ്ങിയ സിസിടിവി ദൃശ്യങ്ങൾ, കുറ്റാരോപിതരായ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മൊബൈൽ ഫോണുകൾ പരിശോധിച്ച തെളിവുകൾ തുടങ്ങിയവ ശേഖരിച്ചിട്ടുണ്ട്. അതേസമയം, ഇൻസ്റ്റഗ്രാമിന്റെ ഉടമസ്ഥാവകാശമുള്ള ‘മെറ്റ’ പ്ലാറ്റ്‌ഫോമിനോടുതേടിയ വിവരങ്ങളുൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ഇതുവരെ പൂർണമായി ലഭ്യമായിട്ടില്ല.

Advertisement

Summary: Chargesheet to be filed next month in Thamarassery 10th class student Shahabas murder case