സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് അടക്കമുള്ള ഒമ്പത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്


കോഴിക്കോട്: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
കോഴിക്കോട് അടക്കമുളള ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ/ഇടത്തരം മഴ/ഇടി/മിന്നല്‍ തുടരാന്‍ സാധ്യതയുണ്ടെന്നും സെപ്റ്റംബര്‍ 28,29 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആന്‍ഡമാന്‍ കടലില്‍ വെള്ളിയാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടുമെന്നും പിന്നീട് ഇത് ശക്തി കൂടിയ ന്യൂനമര്‍ദമാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.