ഉറക്കം ഞെട്ടിയത് മാല പൊട്ടിച്ചപ്പോള്‍, കള്ളന്‍ ഓടുന്നതും കണ്ടു; ആനക്കുളത്തെ മോഷണത്തെക്കുറിച്ച് വീട്ടുകാരി വിജയലക്ഷ്മി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്- മോഷ്ടാവെന്ന് സംശയിക്കുന്നയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്


കൊയിലാണ്ടി: കള്ളന്‍ തന്റെ മാല പൊട്ടിക്കുന്ന ശബ്ദം കേട്ടാണ് ഉറക്കം ഞെട്ടിയതെന്ന് ഇന്ന് പുലര്‍ച്ചെ മോഷണം നടന്ന ആനക്കുളത്തെ വടക്കേകുറ്റിയകത്ത് വിജയലക്ഷ്മി പറയുന്നു. മോഷ്ടിച്ചയാള്‍ തിരിഞ്ഞ് ഓടുന്നതാണ് കണ്ടതെന്നതിനാല്‍ മുഖം വ്യക്തമായില്ലെന്നും വിജയലക്ഷ്മി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

എല്ലാദിവസവും വീട്ടിലെ മുന്‍ഭാഗത്തെ ലൈറ്റ് ഓഫാക്കാതെയാണ് ഉറങ്ങാറുള്ളത്. ഇന്നലെയും ലൈറ്റ് ഓഫ് ചെയ്തിരുന്നില്ല. കൂടാതെ മുന്‍ഭാഗത്തേക്ക് പട്ടിയും പൂച്ചയും മറ്റും കടക്കാതിരിക്കാന്‍ തടസം വെക്കാറുണ്ടായിരുന്നു. എന്നാല്‍ മോഷ്ടാവ് മുന്‍വശത്തെ ലൈറ്റ് അണച്ചുകളയുകയും തടസങ്ങള്‍ നീക്കുകയും ചെയ്തശേഷമാണ് പിന്‍ഭാഗത്തുകൂടി അകത്തുകടന്നത്. നല്ല ഇരുട്ടായിരുന്നതിനാല്‍ ആളെ വ്യക്തമായില്ലെന്നും അവര്‍ പറഞ്ഞു.

പുലര്‍ച്ചെ മൂന്നരയോടെയാണ് മോഷണം നടന്നത്. മാല എന്തോ ഉപകരണം വെച്ച് മുറിച്ചതാണ്. അത് പൊട്ടുന്ന ശബ്ദം കേട്ടാണ് താന്‍ ഉണര്‍ന്നതെന്നും അവര്‍ വ്യക്തമാക്കി.

ഉടനെ തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന മകന്‍ ജയനെ വിളിച്ച് വിവരം പറയുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും കള്ളന്‍ ഓടി രക്ഷപ്പെട്ടിരുന്നെന്നും വിജയലക്ഷ്മി പറഞ്ഞു.

വിജയലക്ഷ്മിയുടെ മൂന്നുപവന്റെ മാലയാണ് നഷ്ടപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കൊയിലാണ്ടി മേഖലയില്‍ മോഷ്ടാക്കളുടെ ശല്യം വ്യാപകമാണ്.